
ന്യൂഡല്‍ഹി: പിഎം-കിസാന്‍ പ്രകാരം അര്‍ഹതയില്ലാത്ത 20 ലക്ഷത്തിലധികം പേര്‍ക്ക് കേന്ദ്രം നല്‍കിയത് 1,364 കോടി രൂപ. വിവരാവകാശം പ്രകാരമുള്ള ചോദ്യത്തിന് കേന്ദ്ര കൃഷിമന്ത്രാലയം നല്‍കിയ മറുപടിയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആദായ നികുതി അടയ്ക്കുന്ന കര്‍ഷകര്‍ ഉള്‍പ്പടെ ആനുകൂല്യത്തിന് അര്‍ഹതിയില്ലാത്ത നിരവധി പേര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുവെന്നാണ് വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നത്. അര്‍ഹതയില്ലാത്തവരില്‍ പകുതിയിലധികം (55.58%) പേര്‍ ആദായനികുതി അടയ്ക്കുന്ന വിഭാഗത്തില്‍ പെട്ടവരാണ്.
ബാക്കി 44.41% പേര്‍ യോഗ്യതയില്ലാത്ത കര്‍ഷകരുടെ വിഭാഗത്തില്‍ പെടുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. അര്‍ഹതയില്ലാത്തവര്‍ക്ക് കൈമാറിയ ഈ ഫണ്ടുകള്‍ വീണ്ടെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം കോമണ്‍വെല്‍ത്ത് മനുഷ്യാവകാശ സംഘടന പ്രവര്‍ത്തകനായ നായക് പറഞ്ഞു. വിവരാവകാശ നിയമപ്രകാരം ലഭിച്ച ഡാറ്റ സൂചിപ്പിക്കുന്നത് 2019 ല്‍ പ്രധാനമന്ത്രി-കിസാന്‍ യോജന ആരംഭിച്ചതുമുതല്‍ ജൂലൈ 31 വരെ 1,364.13 കോടി രൂപ (186.59 ദശലക്ഷം യുഎസ് ഡോളര്‍) യോഗ്യതയില്ലാത്തവര്‍ക്കും ആദായനികുതി അടയ്ക്കുന്ന കര്‍ഷകര്‍ക്കും പണം നല്‍കിയിട്ടുണ്ടെന്നാണ്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു പ്രധാനമന്ത്രി-കിസാന്‍ സമന്‍ നിധി പദ്ധതി ആരംഭിച്ചത്. സര്‍ക്കാരില്‍ നിന്ന് 100 ശതമാനം ധനസഹായമുള്ള കേന്ദ്ര പദ്ധതിയാണിത്. പിഎം-കിസാന്‍ പദ്ധതി പ്രകാരം, അര്‍ഹരായ ഗുണഭോക്തൃ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപയുടെ സാമ്പത്തിക ആനുകൂല്യം നല്‍കുന്നു. മൂന്ന് തുല്യമായ നാല് പ്രതിമാസ ഗഡുക്കളായി 2,000 രൂപ വീതമാണ് വിതരണം ചെയ്യുന്നത്.
പദ്ധതി ആരംഭിച്ചപ്പോള്‍ ആനുകൂല്യങ്ങള്‍ ചെറുകിട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് മാത്രമേ അനുവദിച്ചിരുന്നുള്ളൂ. കൂടാതെ 2 ഹെക്ടര്‍ വരെ ഭൂമിയുള്ളവര്‍ക്കാണ് തുക അനുവദിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഈ പദ്ധതി 2019 ജൂണില്‍ പരിഷ്‌കരിക്കുകയും ഭൂവുടമകളുടെ വലിപ്പം കണക്കിലെടുക്കാതെ എല്ലാ കര്‍ഷക കുടുംബങ്ങളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കുകയും ചെയ്തു. പദ്ധതി വഴി 18000 കോടി രൂപകൂടി കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ വിതരണം ചെയ്തിരുന്നു. രാജ്യത്തെ ഒന്‍പത് കോടിയിലധികം വരുന്ന ഗുണഭോക്തൃ കര്‍ഷക കുടുംബങ്ങള്‍ക്ക് ഡിസംബര്‍ 25 ന് ഏഴാമത്തെ ഗഡു വിതരണം ചെയ്തത്.