വൈദ്യുത വാഹനങ്ങളില്‍ തീപിടുത്തം; കൂടുതല്‍ സുരക്ഷയ്ക്കായി ബാറ്ററി മാദണ്ഡങ്ങള്‍ കേന്ദ്രം പരിഷ്‌കരിക്കുന്നു

April 21, 2022 |
|
News

                  വൈദ്യുത വാഹനങ്ങളില്‍ തീപിടുത്തം; കൂടുതല്‍ സുരക്ഷയ്ക്കായി ബാറ്ററി മാദണ്ഡങ്ങള്‍ കേന്ദ്രം പരിഷ്‌കരിക്കുന്നു

വൈദ്യുത വാഹനങ്ങളില്‍ തീപ്പിടുത്തങ്ങളുണ്ടാകുന്ന വാര്‍ത്തകള്‍ പതിവാകുന്നതോടെ ഇതിന് പരിഹാരം കാണാനൊരുങ്ങുകയാണ് കേന്ദ്രം. ഇവി വാഹനങ്ങളുടെ ബാറ്ററി പ്രശ്‌നങ്ങളാണ് അപകടകാരണമെന്നാണ് കമ്പനികള്‍ നല്‍കുന്ന വിശദീകരണം. അതിനാല്‍ ഇവി ബാറ്ററികള്‍ക്കുള്ള മാദണ്ഡങ്ങളില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കും. ബാറ്ററിയുടെ ഗുണനിലവാരമടക്കം സര്‍ക്കാര്‍ പരിഗണനയിലാണ്. ചൂടിനെ പ്രതിരോധിക്കുന്നതിനുള്ള സംവിധാനങ്ങളടക്കം ഉള്‍പ്പെടുത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

ഇന്ധനവില കുതിച്ചുയരുന്നതിനാല്‍ ആളുകള്‍ കൂടുല്‍ ഇലക്ട്രിക് വാഹനങ്ങളോട് അടുക്കുകയാണ്. എന്നിരുന്നാലും ഇവി വാഹനങ്ങളുടെ അപകടങ്ങള്‍ ആളുകളെ ഇവ വാങ്ങുന്നതില്‍ നിന്നും പിന്തിരിപ്പിക്കുകയാണ്. വിപണിയിലെ ആദ്യത്തെ ഇവി സ്‌ക്കൂട്ടര്‍ നിര്‍മാതാക്കളായ ഒക്‌നോവ ഇതിനോടകം 3215 വാഹനങ്ങളാണ് വിപണിയില്‍ നിന്നും തിരിച്ച് വിളിച്ചിരിക്കുന്നത്. നിലവിലുള്ള വാഹനങ്ങളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ ഇവി സ്‌ക്കൂട്ടറുകള്‍ക്ക് ഇറക്കുമതി ബാറ്ററികളാണ് ഉപയോഗിക്കുന്നതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇവി വാഹനങ്ങളുടെ അപകടങ്ങളില്‍ കേന്ദ്ര ഗതാഗത മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ബെംഗളൂരുവില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിനോടും സെന്റര്‍ ഓഫ് ഫയര്‍ എക്‌സ്‌പ്ലോസീവ് ആന്‍ഡ് എണ്‍വിയോണ്‍മെന്റ് സേഫ്റ്റി (സിഎഫ്ഇഇഎസ്)യോടുമാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവി വാഹനങ്ങളുടെ പ്രശ്‌നങ്ങള്‍ ഒരുവശത്ത് നില്‍ക്കുമ്പോഴും വിപണിയില്‍ വളര്‍ച്ച പ്രകടമാണ്. യമഹ, ഹോണ്ട, സുസുകി തുടങ്ങി പുതിയ ഇവി മോഡലുകള്‍ വിപണിയിലെത്തിക്കാന്‍ ശ്രമിക്കുന്നതും ഈ രംഗത്തെ വളര്‍ച്ചയുടെ സൂചനയാണ്.

Related Articles

© 2025 Financial Views. All Rights Reserved