
ന്യൂഡല്‍ഹി: 14 സംസ്ഥാനങ്ങള്‍ക്ക് 6,195 കോടി രൂപയുടെ വരുമാന കമ്മി ഗ്രാന്റ് കേന്ദ്രം അനുവദിച്ചു. എട്ട് തുല്യമായ പ്രതിമാസ ഗഡുക്കളായി സംസ്ഥാനങ്ങള്‍ക്ക് തുക കൈപ്പറ്റാം. 15-ാമത് ധനകാര്യ കമ്മീഷന്റെ ഇടക്കാല ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍, 14 സംസ്ഥാനങ്ങള്‍ക്ക് 6,195.08 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ഗ്രാന്റ് ലഭിക്കുന്ന സംസ്ഥാനങ്ങള്‍
ആന്ധ്രാപ്രദേശ്
അസം
ഹിമാചല്‍ പ്രദേശ്
കേരളം
മണിപ്പൂര്‍
മേഘാലയ
മിസോറം
നാഗാലാന്‍ഡ്
പഞ്ചാബ്
സിക്കിം
തമിഴ്നാട്
ത്രിപുര
ഉത്തരാഖണ്ഡ്
പശ്ചിമ ബംഗാള്‍
ഗ്രാന്റായി ഏറ്റവും ഉയര്‍ന്ന തുക ലഭിച്ചത് കേരളത്തിനാണ്. 1,277 കോടി രൂപയാണ് കേരളത്തിന് ലഭിച്ചത്. ഹിമാചല്‍ പ്രദേശിന് 952 കോടി രൂപയും പഞ്ചാബിന് 638 കോടി രൂപയുമാണ് ലഭിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷത്തെ ഇടക്കാല റിപ്പോര്‍ട്ടിന്റെ ഭാഗമായി ധനകാര്യ കമ്മീഷന്‍, അധികാര വിഭജനാനന്തര റവന്യൂ കമ്മി ഗ്രാന്റുകള്‍ എന്ന് വിളിക്കപ്പെടുന്ന ഈ ഗ്രാന്റ് വരുമാന നഷ്ടങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള സംവിധാനമായാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാന കുറവിനുള്ള പ്രത്യേക പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 16 സംസ്ഥാനങ്ങള്‍ക്കും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 6,000 കോടി രൂപ ധനമന്ത്രാലയം അടുത്തിടെ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ 14 സംസ്ഥാനങ്ങള്‍ വരുമാന കമ്മി ഗ്രാന്റ് ലഭിച്ചിരിക്കുന്നത്.
കൊറോണ വൈറസും ലോക്ക്‌ഡൌണുകളും കാരണം കേന്ദ്രവും സംസ്ഥാനങ്ങളും രൂക്ഷമായ വരുമാന ക്ഷാമമാണ് നേരിടുന്നത്. ജിഎസ്ടി വരുമാനത്തിലും വലിയ കുറവുണ്ടായി. ഒക്ടോബറില്‍ മാത്രമാണ് ജിഎസ്ടി കളക്ഷന്‍ ഒരു ലക്ഷം രൂപ കടന്നത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പാദന വളര്‍ച്ച 23.9 ശതമാനം ഇടിഞ്ഞിരുന്നെങ്കിലും നിലവില്‍ പുനരുജ്ജീവനത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്ന സൂചനകളാണ് ജിഎസ്ടി വരുമാന വര്‍ദ്ധനവും മറ്റും. സെപ്റ്റംബര്‍ വരെ ലഭ്യമായ ഔദ്യോഗിക കണക്കനുസരിച്ച്, മൊത്ത നികുതി വരുമാനത്തില്‍ കേന്ദ്രത്തിന്റെ കുറവ് കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 1.98 ലക്ഷം കോടി രൂപയാണ്.