സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും രണ്ടാം ഘട്ട കോവിഡ് പ്രതിരോധ ധനസഹായവുമായി കേന്ദ്രം

August 07, 2020 |
|
News

                  സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും രണ്ടാം ഘട്ട കോവിഡ് പ്രതിരോധ ധനസഹായവുമായി കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും രണ്ടാം ഘട്ട ധനസഹായം അനുവദിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 890.32 കോടിയാണ് നല്‍കുക. 22 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് എമര്‍ജന്‍സി റെസ്‌പോണ്‍സ് ആന്റ് ഹെല്‍ത്ത് സിസ്റ്റം പ്രിപെഡ്‌നെസ്സ് പാക്കേജിന്റെ രണ്ടാം ഗഡുവായാണ് തുക അനുവദിച്ചത്.

കേരളം, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. മേല്‍പ്പറഞ്ഞ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ കൊവിഡ് രോഗബാധിതരുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാകും സാമ്പത്തിക സഹായം. കൊവിഡ് പ്രതിരോധത്തിനും മാനേജ്‌മെന്റിനും കേന്ദ്രം നേതൃത്വം വഹിക്കുകയും സാങ്കേതികവും സാമ്പത്തികവുമായ സഹായങ്ങളിലൂടെ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പിന്തുണയ്ക്കുകയും ചെയ്യുന്ന 'ഹോള്‍ ഓഫ് ഗവണ്‍മെന്റ്' സമീപനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി, എമര്‍ജന്‍സി റെസ്പോണ്‍സ് ആന്റ് ഹെല്‍ത്ത് സിസ്റ്റം പ്രിപെഡ്‌നെസ്സ് പാക്കേജ് പ്രഖ്യാപിച്ചത്.

ധനസഹായത്തിന്റെ രണ്ടാം ഗഡു പൊതുജനാരോഗ്യ സംവിധാനങ്ങളും ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്താന്‍ ഉപയോഗിക്കാവുന്നതാണ്. കോവിഡ് പ്രതിരോധത്തിനുള്ള മാനവ വിഭവശേഷിയുടെ പരിശീലനം, ശേഷി വര്‍ദ്ധിപ്പിക്കല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും പ്രോത്സാഹനം നല്‍കല്‍ എന്നീ കാര്യങ്ങള്‍ക്കും വിനിയോഗിക്കാം.  ആവശ്യമെങ്കില്‍, കൊവിഡ്  വാരിയേഴ്‌സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സന്നദ്ധപ്രവര്‍ത്തരെ കോവിഡ്-19 പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കാവുന്നതുമാണ്. പാക്കേജിന്റെ ആദ്യ ഗഡുവായ 3000 കോടി രൂപ 2020 ഏപ്രിലില്‍ നല്‍കിയിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved