ജിഎസ്ടി വരുമാനം കുറയുമെന്ന് സൂചന; സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കും

May 24, 2021 |
|
News

                  ജിഎസ്ടി വരുമാനം കുറയുമെന്ന് സൂചന; സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കും

ന്യൂഡല്‍ഹി: രണ്ടാം കോവിഡ് തരംഗം പിടിമുറുക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്രത്തിന്റെ ജിഎസ്ടി വരുമാനം കുറയുമെന്ന് സൂചന. ജൂണില്‍ 1 ലക്ഷം കോടി രൂപയ്ക്ക് താഴെയായിരിക്കും ജിഎസ്ടി വരുമാനം രേഖപ്പെടുത്തുകയെന്ന് കണക്കുകള്‍ പ്രവചിക്കുന്നു. കഴിഞ്ഞ 9 മാസത്തിനിടെ ഇതാദ്യമായാകും ജിഎസ്ടി വരുമാനം 1 ലക്ഷം കോടിക്ക് താഴേക്ക് പോകുന്നത്. ഏപ്രിലില്‍ 1.41 ലക്ഷം കോടി രൂപയായിരുന്നു കേന്ദ്ര ഖജനാവിലെത്തിയ ജിഎസ്ടി വരുമാനം. 2017 ജൂലായില്‍ ജിഎസ്ടി നിയമം നടപ്പാക്കിയതിന് ശേഷം കേന്ദ്രത്തിന് ലഭിച്ച ഏറ്റവും ഉയര്‍ന്ന മാസവരുമാനമാണിത്.

രണ്ടാം കോവിഡ് തരംഗത്തിനിടെയും ബിസിനസുകള്‍ റിട്ടേണുകള്‍ കൃത്യമായി ഫയല്‍ ചെയ്തെന്നും ജിഎസ്ടി കുടിശ്ശിക സമയബന്ധിതമായി അടച്ചെന്നും ധനമന്ത്രാലയം അന്ന് പ്രസ്താവനയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇത്തവണ ലോക്ക്ഡൗണുകള്‍ കാരണം ഒരിക്കല്‍ക്കൂടി രാജ്യത്തെ ബിസിനസ് മേഖല പ്രതിസന്ധിയില്‍ വീണിരിക്കുകയാണ്.

ഈ പശ്ചാത്തലത്തില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ജിഎസ്ടി നഷ്ടപരിഹാരത്തില്‍ വര്‍ധനവുണ്ടാകും. 2.5 ലക്ഷം കോടി മുതല്‍ 3 ലക്ഷം കോടി രൂപ വരെയായിരിക്കും നടപ്പു സാമ്പത്തിക വര്‍ഷം ജിഎസ്ടി നഷ്ടപരിഹാരമായി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കൈമാറുക.

പറഞ്ഞുവരുമ്പോള്‍, തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ജിഎസ്ടി വരുമാനത്തില്‍ കേന്ദ്രത്തിന് വരവിലേറെ ചെലവ് സംഭവിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുകളിലും സംസ്ഥാനങ്ങള്‍ക്ക് മൊത്തമായി 2.35 ലക്ഷം കോടി രൂപയുടെ ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്രം കണക്കാക്കിയിട്ടുണ്ട്.

2017 ജൂലായില്‍ പ്രാബല്യത്തില്‍ വന്ന ചരക്ക് സേവന നികുതി നിയമത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരത്തെ കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ജിഎസ്ടി ഇനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സംഭവിക്കുന്ന വരുമാനനഷ്ടം നികത്താന്‍ കേന്ദ്രം ബാധ്യസ്തരാണ്. ഇതിനായി പ്രത്യേക ജിഎസ്ടി ഫണ്ട് സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. പുതിയ പരോക്ഷ നികുതി വ്യവസ്ഥയിലേക്കുള്ള മാറ്റം മൂലം സംസ്ഥാനങ്ങള്‍ക്ക് വരുമാനക്കുറവ് സംഭവിച്ചാല്‍ ജിഎസ്ടി ഫണ്ടില്‍ നിന്നും കേന്ദ്രം നഷ്ടപരിഹാരം നല്‍കണം.

5 വര്‍ഷമാണ് ഫണ്ടിന്റെ കാലാവധി. 2022 -ല്‍ ഇപ്പോഴുള്ള ജിഎസ്ടി നഷ്ടപരിഹാര ഫണ്ടിന്റെ കാലാവധി അവസാനിക്കും. മെയ് 28 -നാണ് അടുത്ത ജിഎസ്ടി കമ്മിറ്റി യോഗം. കോവിഡ് കാരണം ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായതുകൊണ്ട് സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം കൂട്ടാന്‍ കമ്മിറ്റി ആലോചിക്കുമെന്നാണ് സൂചന.

Read more topics: # ജിഎസ്ടി, # GST,

Related Articles

© 2025 Financial Views. All Rights Reserved