
ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം വലിയ ആഘോഷമാക്കാന്‍ തീരുമാനിച്ചുറപ്പിച്ചിരിക്കുകയാണ് ഇന്ത്യ. ട്രംപിന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനം കൊഴുപ്പിക്കാന്‍ പണം ഏറെ ചെലവഴിച്ച് ഗുജറാത്ത് സര്‍ക്കാര്‍. അഹമ്മദാബാദില്‍ ട്രംപ് ചെലവഴിക്കുന്ന 3 മണിക്കൂറുകള്‍ക്കായി ഏതാണ്ട് 85 കോടി രൂപയാണു സര്‍ക്കാര്‍ ചെലവഴിക്കുന്നത്. അനൗദ്യോഗിക കണക്കുകള്‍ പ്രകാരമുള്ള ഈ വിവരം ഞെട്ടിപ്പിക്കുന്നതാണ്. കാരണം ഇത് സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിനുള്ള വാര്‍ഷിക ബജറ്റ് വിഹിതത്തിന്റെ ഒന്നരയിരട്ടിയാണ് ! വിവിധ കലാരൂപങ്ങളും ആദരണീയരായ വ്യക്തിത്വങ്ങളുമടക്കം വന്‍ ചടങ്ങാണ് ഏതാനും മണിക്കൂറിനുള്ളില്‍ സമാരംഭിക്കുന്നത്.
നഗരത്തിലെങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ട്രംപിന്റെയും ചിത്രങ്ങളുള്ള ഫ്‌ലെക്‌സുകളാണ് പ്രചരിക്കുന്നത്. ചേരി പ്രദേശങ്ങളടക്കം നഗരത്തിന്റെ ദൈന്യമുഖം ട്രംപില്‍ നിന്നു കെട്ടിമറച്ച്, മിനുക്കിയ മുഖം മാത്രം പുറത്തുകാട്ടി നില്‍ക്കുകയാണു നഗരം. പണത്തിന്റെ വിനിയോഗവും വിനിമയവും അമേരിക്കയുടെ മുന്നില്‍ ഒട്ടും കുറയ്ക്കാതെ ആര്‍ഭാടം കാണിക്കുന്ന രീതി ഇതിനോടകം ജനങ്ങളുടെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. മകള്‍ ഇവാന്‍കയും മരുമകന്‍ ജാറെദ് കഷ്‌നറും ഉപദേഷ്ടാക്കളും ഉള്‍പ്പെടെ 12 അംഗ യുഎസ് സംഘമാണ് ട്രംപിനെ അനുഗമിക്കുന്നത്. മൊട്ടേര സ്റ്റേഡിയത്തിലെ സുരക്ഷ ഇന്നലെ മുതല്‍ യുഎസ് സംഘം ഏറ്റെടുത്തു.
ട്രംപ് സന്ദര്‍ശനം കണക്കിലെടുത്ത് നഗരത്തില്‍ സ്‌കൂളുകള്‍ക്കും ഓഫിസുകള്‍ക്കും ഇന്ന് അവധി നല്‍കി. റോഡ് ഷോയ്ക്കായി പാതയോരങ്ങളിലും സമ്മേളനത്തിനായി സ്റ്റേഡിയത്തിലും ആളുകളെ നിറയ്‌ക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിനും ബിജെപി ഗുജറാത്ത് ഘടകത്തിനുമാണ്. ഇതിനിടെ, സ്റ്റേഡിയത്തിനു മുന്നില്‍ സ്ഥാപിച്ച താല്‍ക്കാലിക കവാടം ഇന്നലെ രാവിലെ ശക്തമായ കാറ്റില്‍ തകര്‍ന്നു വീണത് സംഘാടകര്‍ക്കു തലവേദനയായി. പകരം കവാടം ഇന്ന് സജ്ജമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വര്‍ഷാവസാനം പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, യുഎസിലെ ഗുജറാത്തി സമൂഹത്തെ ഒപ്പം നിര്‍ത്താന്‍ കൂടി ലക്ഷ്യമിട്ടാണു സന്ദര്‍ശനത്തിന്റെ തുടക്കം അഹമ്മദാബാദിലാക്കാന്‍ ട്രംപ് തീരുമാനിച്ചത്.
എന്നാല്‍ ഞാന്‍ അടുത്ത ആഴ്ച ഇന്ത്യയിലേക്ക് പോകുന്നു. കുറച്ച് വര്‍ഷങ്ങളായി അവരുടെ പ്രവര്‍ത്തികള്‍ നമ്മളെ കഠിനമായി ബാധിക്കുന്നുണ്ടെങ്കിലും എനിക്ക് പ്രധാനമന്ത്രി മോദിയെ ഇഷ്ടമാണ് എന്നും ട്രംപ് പറഞ്ഞിരുന്നു. ഞങ്ങള്‍ തമ്മില്‍ ചെറിയ വ്യാപാരത്തെ പറ്റിയൊക്കെ സംസാരിക്കാറുണ്ട്. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ ഇറക്കുമതി തീരുവ ചുമത്തുന്ന രാഷ്ട്രം കൂടിയാണ് ഇന്ത്യയെന്നും ട്രംപ് കുറ്റപ്പെടുത്തുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിലൊന്നില്‍ ഒരു കോടി ജനങ്ങളെ കാണികളാക്കുമെന്നാണ് മോദി സര്‍ക്കാര്‍ പറയുന്നതെന്നും, ട്രംപ് പറയുന്നു.
ഇന്ത്യയും അമേരിക്കയും തമ്മില്‍ വിപുലമായൊരു വ്യാപാര കരാര്‍ ഉണ്ടായേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വ്യാപാര കരാര്‍ ഉണ്ടായേക്കുമെന്നും പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് വ്യക്തമാക്കി. എന്നാല്‍ വലിയ കരാര്‍ ഞാന്‍ മറ്റൊരു അവസരത്തിനു വേണ്ടിയാണ് സൂക്ഷിക്കുന്നത് എന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് ട്രംപിനെ സ്വീകരിക്കാന്‍ ഇത്രയും ഒരുക്കങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നത്. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ വലിയ പ്രതീക്ഷകളാണ് കേന്ദ്രസര്‍ക്കാര്‍ വെച്ചുപുലര്‍ത്തിയിരിക്കുന്നത്.