
ന്യൂഡല്‍ഹി: ഇനി ആഴ്ചയില്‍ നാലു ദിവസം മാത്രം ജോലി ചെയ്താല്‍ മതി! സന്തോഷം തരുന്ന കാര്യമാണെങ്കിലും സത്യമാണോ എന്ന് സംശയം തോന്നാം. എന്നാല്‍ ഇക്കാര്യത്തില്‍ തൊഴിലുടമയ്ക്കും ജീവനക്കാര്‍ക്കം കൂട്ടായി തീരുമാനമെടുക്കാമെന്ന് തൊഴില്‍ മന്ത്രാലയം. നാലുദിവസം ജോലി ക്രമീകരിക്കാന്‍ പുതിയ തൊഴില്‍ നിയമപ്രകാരം കഴിയുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനായി ജോലി സമയത്തില്‍ ക്രമീകരണം വേണ്ടിവരും.
ഓരോ ദിവസത്തെയും ജോലിസമയം വര്‍ധിപ്പിച്ചാണ് ജോലിദിനം നാലായി കുറയ്ക്കാന്‍ കഴിയുകയെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ഇതിന് കമ്പനികള്‍ക്ക് അനുമതി നല്‍കാനാണ് തൊഴില്‍മന്ത്രാലയത്തിന്റെ തീരുമാനം. നാലുദിവസത്തെ വര്‍ക്ക് ഷിഫ്റ്റ് നല്‍കാന്‍ നിരവധി കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചതായി തൊഴില്‍ സെക്രട്ടറി അപൂര്‍വ ചന്ദ്ര പറഞ്ഞു. തൊഴില്‍ സമയം വര്‍ധിപ്പിച്ച് അഞ്ചുദിവസമായി ചുരുക്കാനാണ് ശ്രമിച്ചതെന്നും എന്നാല്‍ നാലുദിവസമാക്കി ചുരുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച കമ്പനികളുമുണ്ടെന്ന് ചന്ദ്രയെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്‍ഡേഡ് റിപ്പോര്‍ട്ട് ചെയ്തു.
ആഴ്ചയില്‍ 48 മണിക്കൂറില്‍കൂടുതല്‍ പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. നാലുദിവസമായി ജോലി ക്രമീകരിക്കുകയാണെങ്കില്‍ മൂന്നുദിവസം ജീവനക്കാര്‍ക്ക് അവധിനല്‍കേണ്ടിവരുമെന്നും സെക്രട്ടറി പറഞ്ഞു. ഇക്കാര്യത്തില്‍ ജീവനക്കാരുടെ അനുമതിയോടെ കമ്പനികള്‍ക്ക് തീരുമാനമെടുക്കാമെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്.
2020 സെപ്റ്റംബറിലാണ് പാര്‍ലമെന്റില്‍ പുതിയ തൊഴില്‍ നിയമം കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയത്. പുതിയ നിയമത്തിന്മേലുള്ള പ്രതികരണങ്ങള്‍ ഈയിടെ സര്‍ക്കാര്‍ തേടിയപ്പോഴാണ് ഈ നിര്‍ദേശം ഉയര്‍ന്നത്. നിയമം നടപ്പാക്കുന്നതുസംബന്ധിച്ച് സര്‍ക്കാര്‍ അന്തിമതീരുമാനം ഉടനെയെടുക്കുമെന്നും സംസ്ഥാനങ്ങള്‍ അവരുടെ നിയമങ്ങളുടെ കരട് തയ്യാറാക്കിവരികയാണെന്നും സെക്രട്ടറി പറഞ്ഞു.