സൗജന്യ വാക്‌സിന്‍: കേന്ദ്ര സര്‍ക്കാരിന് ചെലവ് വരിക 50,000 കോടി രൂപ

June 10, 2021 |
|
News

                  സൗജന്യ വാക്‌സിന്‍: കേന്ദ്ര സര്‍ക്കാരിന് ചെലവ് വരിക 50,000 കോടി രൂപ

ന്യൂഡല്‍ഹി: 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും രാജ്യത്ത് സൗജന്യ വാക്‌സിന്‍ ലഭ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിലൂടെ കേന്ദ്ര സര്‍ക്കാരിന് ചെലവ് വരിക 50,000 കോടി രൂപയാണ്. ബജറ്റില്‍ 35,000 കോടി രൂപയാണ് വാക്‌സിനായി നീക്കിവച്ചിരുന്നത്. ഇതിന് പുറമെ ഭക്ഷ്യധാന്യങ്ങളുടെ സൗജന്യ വിതരണം നവംബര്‍ വരെ നീട്ടാനും മോദി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിലൂടെ ഒരു ലക്ഷം കോടി രൂപയുടെയും അധികച്ചെലവ് വരും. ഉദാരവല്‍ക്കരിച്ചതും ത്വരിതഗതിയിലുള്ളതുമായ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പിന്റെ മൂന്നാം ഘട്ടം 2021 മെയ് 1 മുതലാണ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി വാക്‌സിനുകള്‍ പരമാവധി വേഗത്തില്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.   

കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 25 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി കൈമാറിയിട്ടുണ്ട്. 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് നല്‍കാന്‍ സാധിക്കുമെന്നാണ് കേന്ദ്രം വിശ്വസിക്കുന്നത്. ആഭ്യന്തരതലത്തില്‍ വാക്‌സിന്‍ ഉല്‍പ്പാദനം വലിയ തോതില്‍ കൂട്ടുമെന്നും അതിലൂടെ സകലരിലേക്കും വാക്‌സിന്‍ എത്തിക്കാന്‍ സാധിക്കുമെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.

ഇതില്‍ പാഴായതുള്‍പ്പടെ 23,74,21,808 ഡോസുകളാണ് മൊത്തം ഉപഭോഗം ആയി കണക്കാക്കുന്നത്. 1.33 കോടിയിലധികം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കല്‍ ഇപ്പോഴും ലഭ്യമാണ്. കൂടാതെ, മൂന്ന് ലക്ഷത്തില്‍ (3,81,750) അധികം വാക്‌സിന്‍ ഡോസുകള്‍ അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ലഭിക്കും. മാത്രമല്ല, ഫൈസര്‍, മോഡേണ തുടങ്ങിയ ആഗോള വാക്‌സിനുകള്‍ വാങ്ങാനുള്ള ശ്രമവും സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഇതും സര്‍ക്കാരിന്റെ ചെലവില്‍ വര്‍ധന വരുത്തും.

Related Articles

© 2021 Financial Views. All Rights Reserved