മൈക്രോസോഫ്റ്റ് ജീവനക്കാര്‍ക്ക് ആശ്വാസം: ശമ്പളം ഇരട്ടിയാക്കുന്നു

May 17, 2022 |
|
News

                  മൈക്രോസോഫ്റ്റ് ജീവനക്കാര്‍ക്ക് ആശ്വാസം: ശമ്പളം ഇരട്ടിയാക്കുന്നു

വാഷിങ്ടണ്‍: മൈക്രോസോഫ്റ്റിലെ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. മൈക്രോസോഫ്റ്റ് ജീവനക്കാരുടെ ശമ്പളം ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചെന്ന് കമ്പനി സിഇഒ സത്യ നാദെല്ല വ്യക്തമാക്കി. അദ്ദേഹം തന്നെയാണ് ഇ-മെയില്‍ വഴി ഇക്കാര്യം ജീവനക്കാരെ അറിയിച്ചിരിക്കുന്നത്. ജീവനക്കാര്‍ വലിയ തോതില്‍ കമ്പനി വിട്ടുപോകുന്നത് ഒഴിവാക്കുന്നതിനാണ് ഈ നടപടിയെന്നാണ് റിപ്പോര്‍ട്ട്.

ജീവനക്കാരുടെ മികച്ച പ്രകടനം നിമിത്തം കമ്പനിക്ക് ഉണ്ടാക്കാനായിട്ടുള്ള മികച്ച നേട്ടങ്ങളില്‍ ജീവനക്കാരെ അഭിനന്ദിച്ചുകൊണ്ടാണ് സത്യ നാദെല്ല ഇ മെയില്‍ സന്ദേശം അയച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളം ആഗോള തലത്തില്‍ ഇരട്ടിക്കടുത്ത് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായും സന്ദേശത്തില്‍ പറയുന്നു.

അതേസമയം, മാനേജര്‍മാര്‍, വൈസ് പ്രസിഡന്റുമാര്‍ മറ്റ് ഉന്നത തലത്തിലുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് ശമ്പളവര്‍ധന താരതമ്യേന കുറഞ്ഞ പ്രയോജനമേ ഉണ്ടാക്കൂ. അവരുടെ ശമ്പളം 25 ശതമാനത്തോളമാണ് ഉയരുക. മറ്റുള്ളവര്‍ക്ക് കൂടുതല്‍ വര്‍ധന ലഭിക്കും. കരിയറിന്റെ ആരംഭ-മധ്യ ഘട്ടങ്ങളിലുള്ളവര്‍ക്ക് ശമ്പള വര്‍ധനവിന്റെ പ്രയോജനം കൂടുതലായി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

വന്‍കിട ആഗോള കമ്പനികളില്‍ നിന്ന് വലിയ തോതില്‍ കൊഴിഞ്ഞുപോക്ക് ഉണ്ടാകുന്ന സാഹചര്യത്തിലാണ് ശമ്പളവര്‍ധന കൊണ്ടുവരാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ആമസോണും ജനുവരിയില്‍ ഗൂഗിളും ജീവനക്കാരുടെ ശമ്പളം ഏകദേശം ഇരട്ടിയാക്കി വര്‍ധിപ്പിച്ചിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved