
കൊച്ചി: ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുമായി സിഇഎസ്എല്‍ (കണ്‍വെര്‍ജന്‍സ് എനര്‍ജി സര്‍വീസസ് ലിമിറ്റഡ്) കരാര്‍ ഒപ്പുവെച്ചു. മുപ്പതിനായിരം ഇരുചക്ര, മൂന്നുചക്ര വാഹനങ്ങള്‍ സംഭരിക്കുന്നതിന് കേരളത്തിനൊപ്പം ഗോവ സര്‍ക്കാരുമായും സിഇഎസ്എല്‍ കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. ഊര്‍ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതുമായ അനുബന്ധ സ്ഥാപനമാണ് സിഇഎസ്എല്‍.
രാജ്യത്ത് ഇലക്ട്രിക് മൊബിലിറ്റി വ്യാപകമാക്കുന്നതിന് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഫോര്‍ട്ടം, ജെബിഎം റിന്യൂവബിള്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ടിവിഎസ് മോട്ടോര്‍ കമ്പനി എന്നിവയുമായി സിഇഎസ്എല്‍ സഹകരിക്കും. വിവിധ കരാറുകള്‍ അനുസരിച്ച്, വൈദ്യുത വാഹനങ്ങള്‍ക്കായി ചാര്‍ജിംഗ് സൗകര്യം ഒരുക്കുന്നതിനും മറ്റും സിഇഎസ്എല്‍ നിക്ഷേപം നടത്തും. കരാറുകളുടെ ഭാഗമായി, ഹൈവേ, എക്സ്പ്രസ് വേ എന്നിവയുടെ ഓരങ്ങളില്‍ ചാര്‍ജിംഗ് പോയന്റുകള്‍ സ്ഥാപിക്കും. പദ്ധതിയുടെ ഭാഗമായി എല്ലാ ഇലക്ട്രിക് വാഹന ഉപയോക്താക്കള്‍ക്കും പാര്‍ക്കിംഗ്, ചാര്‍ജിംഗ് സൗകര്യം എന്നിവ ലഭ്യമാക്കും.
കണ്‍വെര്‍ജന്‍സ് എനര്‍ജി സര്‍വീസസ് ലിമിറ്റഡുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിന്റെ എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ഡയറക്റ്റര്‍ ഡോ. ആര്‍ ഹരികുമാര്‍ പറഞ്ഞു. ഹരിത നയങ്ങളും പരിസ്ഥിതി സൗഹൃദ പരിപാടികളും കേരളം സജീവമായി പിന്തുടരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നത് ഇന്ത്യയുടെ ഹരിത വളര്‍ച്ചാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സഹായിക്കുമെന്ന് കണ്‍വെര്‍ജന്‍സ് എനര്‍ജി സര്‍വീസസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മഹുവാ ആചാര്യ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളുമായി ഇതുവരെ പ്രവര്‍ത്തിച്ചതില്‍ സന്തുഷ്ടനാണെന്നും ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.