കോവിഡ്-19: സഹായവുമായി ഫേസ്ബുക്ക് തലവനും ഭാര്യയും; വൈറസിനെതിരെയുള്ള മരുന്ന് കണ്ടുപിടിക്കാൻ പഠന-​ഗവേഷണങ്ങൾക്ക് 25 മില്യൺ ഡോളർ സഹായം

March 30, 2020 |
|
News

                  കോവിഡ്-19: സഹായവുമായി ഫേസ്ബുക്ക് തലവനും ഭാര്യയും; വൈറസിനെതിരെയുള്ള മരുന്ന് കണ്ടുപിടിക്കാൻ പഠന-​ഗവേഷണങ്ങൾക്ക് 25 മില്യൺ ഡോളർ സഹായം

കോവിഡ്-19 ചികിത്സയുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്ക് സംഭാവന ചെയ്യാനൊരുങ്ങി ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗും ഭാര്യ പ്രിസ്‌കില്ല ചാനും. ഇരുവരുടെയും നേതൃത്വത്തിലുള്ള ജീവകാരുണ്യ വിഭാഗമായ ചാന്‍ സുക്കര്‍ബര്‍ഗ് ഇനിഷ്യേറ്റിവ്, ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനുമായി ചേര്‍ന്ന് 25 മില്യൺ യുഎസ് ഡോളറാവും (ഏതാണ്ട് 187 കോടി രൂപ) സംഭാവന ചെയ്യുക. കൊറോണ വൈറസിനെതിരായ ഈ പോരാട്ടത്തില്‍ പങ്കാളിയാവുന്നതില്‍ അഭിമാനിക്കുന്നുവെന്ന് ചാന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊറോണ വൈറസിനെതിരെ സാധ്യതയുള്ള എല്ലാ മരുന്നുകളും പരീക്ഷിക്കുന്ന ഒരു ഗ്രൂപ്പിന് ധനസഹായം നല്‍കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും പ്രിസ്‌കില്ല ചാന്‍ കൂട്ടിച്ചേര്‍ത്തു.

പ്രമുഖ ടെലിവിഷന്‍ നെറ്റ്‌വര്‍ക്കായ സിബിഎസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചാന്‍. രോഗത്തില്‍ നിന്ന് ആളുകളെ രക്ഷിക്കാന്‍ സാധ്യതയുള്ള പുതിയ ആന്റി വൈറല്‍ മരുന്നുകള്‍ ഗവേഷണം ചെയ്യുന്നതിനായുള്ള ബില്‍ ഗേറ്റ്‌സിന്റെ പരിശ്രമത്തില്‍ പങ്കുചേരുകയാണ് ചാന്‍ സുക്കര്‍ബര്‍ഗ് ഇനിഷ്യേറ്റിവും. 2015 -ല്‍ സ്ഥാപിതമായ ചാന്‍ സുക്കര്‍ബര്‍ഗ് ഇനിഷ്യേറ്റിവ്, ഒരു ബാഹ്യ സംഘടനയ്ക്ക് നല്‍കുന്ന ഏറ്റവും വലിയ ധനസഹായമാണ് ഈ സംഭാവന. കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രഖ്യാപിച്ച ഏറ്റവും വലിയ രണ്ടാമത്തെ ജീവകാരുണ്യ സംഭാവനയാണിത്.

ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ മാര്‍ച്ചില്‍ കൊവിഡ് 19 ചികിത്സാ ആക്‌സിലറേറ്റര്‍ ആരംഭിച്ചതിനു ശേഷമാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ്, അദ്ദേഹത്തിന്റെ ഭാര്യ പ്രിസ്‌കില്ല ചാൻ എന്നിവരിൽ നിന്നും ഈ സംഭാവന ലഭിക്കുന്നത്. 125 മില്യൺ യുഎസ് ഡോളറുമായി ആരംഭിച്ച ഈ സംരംഭത്തിന്റെ ഭാഗമായി മാസ്റ്റര്‍കാര്‍ഡ്, വെല്‍കം ചാരിറ്റി ഫൗണ്ടേഷന്‍ എന്നിവരും ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സുമായി പങ്കാളികളായിട്ടുണ്ട്. കൊവിഡ് 19 -ന് എതിരെ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന ചികിത്സാരീതി വികസിപ്പിച്ചെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

കൊവിഡ്-19 രോഗികളുടെ ചികിത്സയ്ക്കായി പുതിയതും നിലവിലുള്ളതുമായ മരുന്നുകള്‍ നിര്‍മ്മിക്കും. കൂടാതെ, മറ്റ് വൈറല്‍ രോഗങ്ങളുമായി പോരാടുന്നതിനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ ഗവേഷണം ഉപകരിക്കുമെന്നും പ്രതീക്ഷിക്കുന്നു. കൊവിഡ് 19 ചികിത്സാ പദ്ധതി വികസിപ്പിക്കുന്നതിന് ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സംരംഭം വ്യക്തമാക്കി.

Related Articles

© 2025 Financial Views. All Rights Reserved