
ഡല്‍ഹി: രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വേളയിലാണ് നിരവധി വിദേശ നിക്ഷേപങ്ങള്‍ വരുന്നുവെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ആഴ്ച്ചകളില്‍ നാം കേട്ടത്. ഡിജിറ്റല്‍ മീഡിയ അടക്കം ഒട്ടേറെ മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം സാധ്യമാക്കുന്നതിനായി എഫ്ഡിഐ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുന്ന കാര്യം ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. വിദേശ നിക്ഷേപം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കല്‍ക്കരി, ഖനന കോണ്‍ട്രാക്ട്, മാനുഫാക്ചറിങ് മേഖലകളിലും ഇപ്പോഴുള്ള നിയമങ്ങള്‍ ലഘൂകരിക്കാനുള്ള നീക്കങ്ങള്‍ നടക്കുമെന്നും സൂചനകളുണ്ട്.
കരാര്‍ അടിസ്ഥാനത്തിലുള്ള ഉത്പാദന വ്യവസായത്തില്‍ 100 ശതമാനം എഫ്ഡിഐ അനുവദിക്കാനുള്ള നിര്‍ദ്ദേശത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയേക്കുമെന്നു റിപ്പോര്‍ട്ടുണ്ട്. രാജ്യത്ത് ഈ മേഖലയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ തന്നെ ഇ-കൊമേഴ്‌സ് ഉള്‍പ്പെടെയുള്ള മൊത്ത, റീട്ടെയില്‍ ചാനലുകള്‍ വഴി വില്‍ക്കാനും അനുവദിച്ചേക്കും.
അതിവേഗം വളരുന്ന ഡിജിറ്റല്‍ മീഡിയ വിഭാഗത്തെ സംബന്ധിച്ച് നിലവിലെ എഫ്ഡിഐ നയം പാലിക്കുന്ന നിശബ്ദത മാറ്റണമെന്ന ആവശ്യവും സര്‍ക്കാര്‍ പരിഗണിക്കുന്നതായാണു സൂചന. നിലവില്‍ അച്ചടി മാധ്യമ മേഖലയില്‍ 26 ശതമാനം എഫ്ഡിഐ അനുവദിക്കുന്നുണ്ട്, ദൃശ്യമാധ്യമ മേഖലയിലാകട്ടെ 49 ശതമാനം വരെയും.