
മുംബൈ: സാമ്പത്തിക കുറ്റകൃത്യക്കേസില്‍ ഐസിഐസിഐ ബാങ്ക് മുന്‍ സിഇഒ ചന്ദ കോച്ചറിന്റെ ഭര്‍ത്താവ് ദീപക് കോച്ചറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. വിഡിയോകോണ്‍ ഗ്രൂപ്പിന് ഐസിഐസിഐ ബാങ്കില്‍ നിന്നു വഴിവിട്ട് വായ്പ അനുവദിച്ചതടക്കമുള്ള കേസില്‍ നിയമനടപടി നേരിടുകയാണ് ചന്ദ കോച്ചര്‍ ഉള്‍പ്പെടെ 9 പേര്‍.
വിഡിയോകോണിന് വ്യവസ്ഥകള്‍ ലംഘിച്ച് 1,875 കോടി രൂപ ഐസിഐസിഐ ബാങ്ക് വായ്പ അനുവദിച്ചിരുന്നു. വായ്പ ലഭിച്ചതിനു പിന്നാലെ വിഡിയോകോണ്‍ ഗ്രൂപ്പിന്റെ കമ്പനിയില്‍ നിന്ന് ദീപക് കോച്ചറിന്റെ ന്യൂ പവര്‍ റിന്യൂവബിള്‍സ് എന്ന സ്ഥാപനത്തിലേക്ക് 64 കോടി രൂപയുടെ നിക്ഷേപമെത്തി. ഇതില്‍ ക്രമക്കേടുണ്ടെന്നും ഇത്തരത്തില്‍ പല തട്ടിപ്പുകളും ചന്ദ കോച്ചാര്‍ ബാങ്ക് മേധാവിയായിരിക്കെ നടന്നിട്ടുണ്ടെന്നുമാണ് അന്വേഷണസംഘത്തിന്റെ ആരോപണം.
ഡല്‍ഹിയിലെ ഇ.ഡി. ഓഫീസില്‍ വിളിച്ചുവരുത്തിയ അദ്ദേഹത്തെ തിങ്കളാഴ്ച രാത്രിയോടെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം അറസ്റ്റു ചെയ്യുകയായിരുന്നു. ഇഡിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം നല്‍കാന്‍ ദീപക്കിനു കഴിയാതെ വന്ന സാഹചര്യത്തിലാണ് അറസ്റ്റ്. കോച്ചര്‍ ദമ്പതികളുടെ 78 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി നേരത്തെ ഏറ്റെടുത്തിരുന്നു.