
ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ എയര്‍ ടാക്സി സര്‍വീസിന് ഹരിയാനയില്‍ തുടക്കമായി. ചണ്ഡീഗഢില്‍ നിന്ന് ഹരിയാനയിലെ ഹിസാറിലേക്കായിരുന്നു ആദ്യ സര്‍വീസ്. 45 മിനിറ്റുകൊണ്ടാണ് വിമാനം ചത്തീസ്ഗഢില്‍ നിന്ന് ഹിസാറിലെത്തിയത്. 1755 രൂപ മുതലാണ് എയര്‍ ടാക്സിയുടെ ടിക്കറ്റ് വില ആരംഭിക്കുന്നത്. ടിക്കറ്റ് ബുക്കിങ്ങിനായി ഓണ്‍ലൈന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതി പ്രകാരമാണ് രാജ്യത്ത് എയര്‍ ടാക്സി സര്‍വീസ് ആരംഭിച്ചത്.
എയര്‍ ടാക്സി ഏവിയേഷന്‍ കമ്പനിയാണ് എയര്‍ ടാക്സി സര്‍വീസ് നടത്തുന്നത്. സര്‍വീസിന്റെ ആദ്യ ഘട്ടമാണ് ചണ്ഡീഗഢ്-ഹിസാര്‍ യാത്ര. ഹിസാറില്‍ നിന്ന് ഡെറാഡൂണിലേക്കുള്ള രണ്ടാം ഘട്ട യാത്ര ജനുവരി 18ന് ആരംഭിക്കും. മൂന്നാം ഘട്ടത്തില്‍ ചണ്ഡിഗഢില്‍ നിന്ന് ഡെറാഡൂണിലേക്കും ഹിസാറില്‍ നിന്ന് ധര്‍മ്മശാലയിലേക്കും രണ്ട് റൂട്ടുകള്‍ കൂടി എയര്‍ ടാക്സി സര്‍വീസ് നടത്തും. ജനുവരി 23നാണ് മൂന്നാംഘട്ട യാത്ര ആരംഭിക്കുക. ഹരിയാനയില്‍ നിന്ന് ഷിംല,കുളു തുടങ്ങിയ കൂടുതല്‍ റൂട്ടുകള്‍ കൂടി ഉല്‍പ്പെടുത്താനും പദ്ധതിയിടുന്നുണ്ട്.
ഡിസംബര്‍ 14നാണ് ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഏവിയേഷനില്‍ (ഡിജിസിഎ) നിന്ന് എയര്‍ ടാക്സി ഇന്ത്യക്ക് ഷെഡ്യൂള്‍ഡ് കമ്മ്യൂട്ടര്‍ എയര്‍ലൈന്‍ പെര്‍മിറ്റ് ലഭിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ കണക്റ്റിവിറ്റി സ്‌കീമായ ഉഡാന്‍ പ്രകാരം മൊത്തം 26 റൂട്ടുകളിലാണ് കമ്പനിക്ക് സര്‍വീസ് നടത്താനാവുക. രാജ്യത്തെ ടയര്‍-2,ടയര്‍-3ങ്ങളെ മെട്രോ നഗരങ്ങളുമായി വ്യോമമാര്‍ഗം ബന്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഉഡാന്‍ പദ്ധതിയില്‍പ്പെടുന്ന വിമാന കമ്പനികള്‍ക്ക് യാത്രക്കാരുടെ എണ്ണം അടിസ്ഥാനമാക്കി കേന്ദ്ര സര്‍ക്കാര്‍ സബ്സിഡിയും നല്‍കുന്നുണ്ട്. ഉഡാന്‍ സകീമിന് കീഴില്‍ 3030 റൂട്ടുകളില്‍ എയര്‍ ടാക്സി സര്‍വീസ് നടത്തും.
ഇരട്ട എഞ്ചിനും നാല് സീറ്റുകളുമുള്ള ടെക്നം പി 2006ടി വിമാനമാണ് എയര്‍ ടാക്സി സര്‍വീസിനായി ഉപയോഗിക്കുന്നത്. കോസ്രറ്റുസിയോണി എയ്റനോട്ടിക്ക് ടെക്നം എന്ന കമ്പനിയാണ് ഈ വിമാനം നിര്‍മ്മിച്ചത്. പൈലറ്റിന് പുറമേ മൂന്ന് പേര്‍ക്കാണ് വിമാനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കുക. ഇത്തരത്തിലുള്ള നാല് വിമാനങ്ങള്‍ കൂടി സ്വന്തമാക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്. യാത്രക്ക് മാത്രമല്ല സ്വകാര്യ ആവശ്യങ്ങള്‍ക്കും വിമാനം ലഭ്യമാക്കുമെന്നും ഒരാളാണെങ്കില്‍പോലും സര്‍വീസ് നടത്തുമെന്നുമാണ് കമ്പനിയുടെ വാഗ്ദാനം.