
കോട്ടയം: സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിച്ചുയരുന്നു. ഈസ്റ്റർ വിപണി മുന്നിൽ കണ്ട് 125 മുതൽ 140 വരെയാണ് ഒരു കിലോ കോഴിയിറച്ചിയുടെ വില. ലോക്ക്ഡൗണിനെ തുടർന്ന് തമിഴ്നാട്ടിലെ ഫാമുകളിൽ നിന്ന് കോഴിയെത്താത്തതാണ് സംസ്ഥാനത്തെ വിലക്കയറ്റത്തിന് കാരണമായത്. പക്ഷിപ്പനിയെ തുടർന്ന് ഒരു മാസം മുൻപ് കോഴിയിറച്ചിയുടെ വില കിലോയ്ക്ക് നാൽപ്പതിലേക്ക് ചുരുങ്ങിയിരുന്നു. നൊയമ്പ് കാലവും ലോക്ക്ഡൗണും ഒന്നിച്ചതോടെ കഴിഞ്ഞ മാസം കോഴിയിറച്ചി വിൽപ്പനയും കുറഞ്ഞു.
എന്നാൽ ഈസ്റ്റർ വിപണി സജീവമായതോടെ കോഴിയിറച്ചിയുടെ വില വീണ്ടും മൂന്നക്കം കണ്ടു. 125 മുതൽ 140 വരെയാണ് ഒരു കിലോ കോഴിയിറച്ചിയുടെ ഇന്നത്തെ വിപണിവില. ഈസ്റ്റർ വിപണിമുന്നിൽ കണ്ട് കച്ചവടക്കാർ സ്ഥിരമായി കൂടുനിറയെ കോഴികളെ സംഭരിക്കാറുണ്ട്. എന്നാൽ ഇത്തവണ അതിന് സാധിച്ചില്ല. വില കൂടിയെങ്കിലും ഈസ്റ്റർ വിഭവങ്ങളൊരുക്കാൻ കോഴിയിറച്ചി തേടി മലയാളികൾ വിപണിയിലെത്തി.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും നിരവധി പേരാണ് പോത്ത്, കോഴി തുടങ്ങിയ മാംസ്യ ഉത്പന്നങ്ങള്‍ക്കായി ഇന്ന് കടകളിലെത്തിയത്. നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാണ് വില്‍പന. പല ഇടങ്ങളിലും ആരോഗ്യ വകുപ്പ് പരിശോധനയും നടക്കുന്നുണ്ട്. അതേസമയം ഇന്നും സംസ്ഥാനത്ത് പഴകിയ മീന്‍ പിടികൂടി. കൊച്ചി മുനമ്പം, ചമ്പക്കര മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നായി 1200 കിലോയോളം മീനാണ് ഇന്ന് പിടികൂടിയത്.
പക്ഷിപ്പനിയും വിലയിടിവും
കഴിഞ്ഞ മാസം പക്ഷിപ്പനി രോഗഭീതിയെ തുടർന്ന് ഇറച്ചിക്കോഴികളുടെ വില കുത്തനെ കുറയുകയും ഒരു കിലോ കോഴിയ്ക്ക് 35 രൂപ വരെ വില കുറയുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ഒരാഴ്ച്ചയായി കോഴി വില വീണ്ടും കൂടാൻ തുടങ്ങി. ലോക്ക് ഡൌണിനെ തുടർന്ന് മീനും മറ്റും കിട്ടാത്തതിനെ തുടർന്ന് ആളുകൾ വീണ്ടും ഇറച്ചിക്കോഴിയിലേയ്ക്ക് തിരിഞ്ഞത്. ഇതോടെ വിലയും കുത്തനെ ഉയർന്നു. നഷ്ടം സഹിച്ചും ചില ഫാമുകളിൽ വളർത്തിയ തൂക്കം കുറവായ കോഴികളാണ് ഇപ്പോൾ കടകളിൽ ലഭിക്കുന്നത്. കേരളത്തിലെ ആവശ്യം കൂടിയതോടെ തമിഴ്നാട്ടിൽ ഒരോ ദിവസവും കിലോഗ്രാമിന് 5 മുതൽ 10 രൂപ വരെ വില വർധിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
മത്സ്യം കിട്ടാനില്ല
കോവിഡ്-19 വ്യാപനവും ലോക്ക് ഡൗണുമൊക്കെയായപ്പോൾ സംസ്ഥാനത്തെവിടെയും മീൻ കിട്ടാത്ത സ്ഥിതിയാണ്. ഉള്ളതിനാകട്ടെ തീ പിടിച്ച വിലയും. രണ്ടാഴ്ചയ്ക്കുള്ളിൽ വില ഇരട്ടിയിലേറെയായി. കൊവിഡ് ഭീഷണിയെതുടർന്ന് കടലിൽ പോകാൻ മത്സ്യത്തൊഴിലാളികൾ മടിക്കുന്നതാണ് മീൻ ലഭ്യത കുറഞ്ഞതിന്റെ മുഖ്യകാരണം. വളരെ ചെറിയ അളവിലാണ് മാർക്കറ്റുകളിൽ മീനെത്തുന്നത്. ഇവ ചുരുങ്ങിയ സമയത്തിനുള്ളിൽ തീരുകയും ചെയ്യും. വീടുകളിലും ചെറിയ മാർക്കറ്റുകളിലും മീൻ വില്പനയ്ക്കായി എത്തിയിരുന്നവരിൽ ഭൂരിഭാഗവും ഇപ്പോൾ പുറത്തിറങ്ങുന്നില്ല.
ബീഫില്ലാത്ത ഈസ്റ്റർ
ഈസ്റ്റർ ആയിട്ട് പോലും ആവശ്യത്തിന് ബീഫ് കിട്ടാതെ ജനം പരക്കം പായുന്നു. പലയിടത്തും ഇറച്ചിക്കടകളുടെ മുമ്പിൽ നീണ്ട ക്യൂ ആണ്. മിക്കയിടങ്ങളിലും ബീഫിന് കിലോയ്ക്ക് 320 മുതൽ 360 രൂപ വരെയാണ് വില. താറാവിനും വില കൂടിയിട്ടുണ്ട്. 360 രൂപയാണ് ഇന്നത്തെ വില. ഡ്രസ് ചെയ്യാത്ത താറാവിന് 300 രൂപയാണ്. ആടിന് കിലോയ്ക്ക് 700 രൂപയാണ് വില.