ഇറച്ചിക്കോഴി ഉത്പാദനം കുറഞ്ഞു; വില വര്‍ധിക്കുന്നു

August 16, 2021 |
|
News

                  ഇറച്ചിക്കോഴി ഉത്പാദനം കുറഞ്ഞു; വില വര്‍ധിക്കുന്നു

ഇറച്ചിക്കോഴി ഉത്പാദനം കുറഞ്ഞതിനെ തുടര്‍ന്ന് ഇറച്ചിക്കോഴി ലഭ്യമല്ലാതായതോടെ ഒരിടക്ക് ചിക്കന്‍ വില കിലോഗ്രാമിന് 180 രൂപ വരെയായി ഉയര്‍ന്നിരുന്നു. പിന്നീട് വില കുറഞ്ഞു. കഴിഞ്ഞയാഴ്ച കിലോഗ്രാമിന് 110 രൂപയായിരുന്നു കൊച്ചിയില്‍ റീട്ടെയ്ല്‍ വില. ഇപ്പോള്‍ വീണ്ടും വില ഉയര്‍ന്നിരിക്കുകയാണ്. ഓണ്‍ലൈനില്‍ കിലോഗ്രാമിന് 240 രൂപയോളമായി ഇറച്ചിക്കോഴി വില ഉയര്‍ന്നു.

ഇറച്ചിക്കോഴി വില ഇങ്ങനെ കുതിച്ചുയര്‍ന്നാല്‍ ഹോട്ടല്‍ മെനു കാര്‍ഡില്‍ നിന്ന് ചിക്കന്‍ വിഭവങ്ങള്‍ ഒഴിവാക്കേണ്ടി വരുമെന്ന് കഴിഞ്ഞ തവണ ഹോട്ടലുടമകളുടെ അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. ഉയരുന്ന കോഴി വില പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ നടപടികള്‍ വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ പിന്നീട് വടക്കന്‍ ജില്ലകളിലും വില 150 രൂപക്ക് മുകളില്‍ എത്തി. ഇറച്ചിക്കോഴി വില വര്‍ധന ചിക്കന്‍ വിഭവങ്ങളുടെ വില കാര്യമായി ഉയര്‍ത്തിയില്ലെങ്കിലും വീണ്ടും വില വര്‍ധിച്ചാല്‍ ചിക്കന്‍ വിഭവങ്ങള്‍ക്കും വില ഉയര്‍ന്നേക്കും.

സാധനങ്ങളുടെ വിലക്കയറ്റം കോഴിത്തീറ്റ വില വര്‍ധനക്കും കാരണമായിട്ടുണ്ട്. ചോളം ഉള്‍പ്പെടെയുള്ളവയുടെ വില ഉയരുന്നതാണ് വെല്ലുവിളിയാകുന്നത്. ഇതിനിടയില്‍ കോഴിയെ വളര്‍ത്തുന്നവര്‍ക്ക് കാര്യമായ ലാഭമില്ലാതെ ഇടനിലക്കാര്‍ ലാഭം കൊയ്യുന്നത് ഈ രംഗത്ത് നിന്ന് കൂടുതല്‍ പേരെ അകറ്റി നിര്‍ത്തുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഉത്പാദന ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ കോഴിവില്‍പ്പനയിലൂടെ കാര്യമായ ലാഭമില്ലാത്തത് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും പ്രതിസന്ധിയിലാക്കുന്നു.

Related Articles

© 2025 Financial Views. All Rights Reserved