
ബിറ്റ്കോയിന്റെ തകര്‍ച്ച തുടരുന്നു. ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിന്റെ ട്വീറ്റ് പുറത്തുവന്ന് ഒരാഴ്ച പിന്നിടുമ്പോഴും ബിറ്റ്കോയിന്റെ തകര്‍ച്ച തുടരുകയാണ്. ക്രിപ്റ്റോ എക്സ്ചേഞ്ചായ കോയിന്‍ബെസിന്റെ ഡാറ്റ പ്രകാരം മെയ് 19ന് ബുധനാഴ്ച 11.30ന് ബിറ്റ്കോയിന്റെ വ്യാപാരം നടന്നത് 38,570.90 ഡോളറിലാണ്. 2021 ഫെബ്രുവരിക്കുശേഷം ഇതാദ്യമായാണ് ഇത്രയും മൂല്യതകര്‍ച്ചയുണ്ടാകുന്നത്. കഴിഞ്ഞമാസം 64,895 ഡോളര്‍ വരെ മൂല്യമുയര്‍ന്നിരുന്നു. ബിറ്റ്കോയിനെ വാനോളം പുകഴ്ത്തിയ മസ്‌ക് നയം വ്യക്തമാക്കിയതോടെയാണ് തകര്‍ച്ച തുടങ്ങിയത്.
സങ്കീര്‍ണമായ ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ബിറ്റ്കോയിന്‍ സൃഷ്ടിക്കാന്‍ വന്‍തോതില്‍ വൈദ്യുതി ഉപയോഗിക്കേണ്ടി വരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചാണ് മസ്‌ക് ട്വീറ്റ് ചെയ്തത്. ക്രിപ്റ്റോ കറന്‍സി നിരോധനവുമായി ബന്ധപ്പെട്ട് ചൈനയുടെ നിലപാട് കൂടി പുറത്തുവന്നതോടെ ബിറ്റ്കോയിന്‍ സമ്മര്‍ദത്തിലായി.
ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതില്‍ നിന്ന് ധനകാര്യ സ്ഥാപനങ്ങളെയും പണമിടപാട് സ്ഥാപനങ്ങളെയും ചൈന വിലക്കിയതാണ് ഏറ്റവും പുതിയ വാര്‍ത്ത. ക്രിപ്റ്റോകറന്‍സികളിലൂടെയുള്ള ഊഹക്കച്ചവടത്തിനെതിരെ നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നല്‍കുകുയും ചെയ്തിട്ടുണ്ട്. അതിവേഗത്തില്‍ വളരുന്ന ഡിജിറ്റല്‍ കറന്‍സികളെ നിയന്ത്രിക്കാനുള്ള ചൈനയുടെ നീക്കത്തിന്റെ ഭാഗമാണിത്.
ധനകാര്യസ്ഥാപനങ്ങളും ഓണ്‍ലൈന്‍ പണമിടപാട് സ്ഥാപനങ്ങളും ക്രിപ്റ്റോകറന്‍സിയുമായി ബന്ധപ്പെട്ട രജിസ്ട്രേഷന്‍, ട്രേഡിങ്, ക്ലിയറിങ്, സെറ്റില്‍മെന്റ് ഉള്‍പ്പടെ ഒരുസേവനവും നല്‍കരുതെന്നാണ് ചൈനയുടെ മുന്നറിയിപ്പ്. നാഷണല്‍ ഇന്റര്‍നെറ്റ് ഫിനാന്‍സ് അസോസിയേഷന്‍ ഓഫ് ചൈന, ചൈന ബാങ്കിങ് അസോസിയേഷന്‍, പെയ്മെന്റ് ആന്‍ഡ് ക്ലിയറിങ് അസോസിയേഷന്‍ ഓഫ് ചൈന എന്നിവയുടെ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.