
ക്രിപ്റ്റോകറന്‍സിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നിയമവിരുദ്ധമാണെന്നും അത് നിരോധിക്കണമെന്നുമുള്ള നിര്‍ദേശവുമായി ചൈനീസ് സെന്‍ട്രല്‍ ബാങ്ക് രംഗത്ത്. ബിറ്റ്‌കോയിനും ടെതറും ഉള്‍പ്പെടെ എല്ലാ ക്രിപ്റ്റോകറന്‍സികളും ഫിയറ്റ് കറന്‍സികളല്ലെന്നും അവ വിപണിയില്‍ പ്രചരിക്കാന്‍ പാടില്ലെന്നും പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന പ്രസ്താവിച്ചു. ഗാര്‍ഹിക താമസക്കാര്‍ക്ക് ഓഫ്ഷോര്‍ എക്‌സ്‌ചേഞ്ചുകള്‍ നല്‍കുന്ന സേവനങ്ങള്‍ ഉള്‍പ്പെടെ ക്രിപ്‌റ്റോയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നിയമവിരുദ്ധമായ സാമ്പത്തിക പ്രവര്‍ത്തനങ്ങളാണെന്നും ബാങ്ക് കൂട്ടിച്ചേര്‍ത്തു.
''വെര്‍ച്വല്‍ കറന്‍സിയുമായി ബന്ധപ്പെട്ട ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമായ സാമ്പത്തിക പ്രവര്‍ത്തനങ്ങളാണ്, അത് ചെയ്യുന്നവര്‍ക്കതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കും'' -പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന വെള്ളിയാഴ്ച പുറത്തുവിട്ട ഓണ്‍ലൈന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ക്രിപ്‌റ്റോ ട്രേഡിങ്, ടോക്കണുകള്‍ വില്‍ക്കല്‍, വെര്‍ച്വല്‍ കറന്‍സി ഇടപാടുകള്‍, നിയമവിരുദ്ധമായ ധനസമാഹരണം തുടങ്ങി ക്രിപ്റ്റോകറന്‍സികള്‍ ഉള്‍പ്പെടുന്ന എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനമുണ്ട്.
ഊഹക്കച്ചവടവും കള്ളപ്പണം വെളുപ്പിക്കലും തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി ചൈന ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്റ്റോകറന്‍സികളുടെ ആഗോള മൂല്യത്തില്‍ കഴിഞ്ഞ വര്‍ഷം വലിയ തോതില്‍ ചാഞ്ചാട്ടമുണ്ടായിരുന്നു. അതേസമയം, പുതിയ പ്രഖ്യാപനത്തെ തുടര്‍ന്ന് ബിറ്റ്‌കോയിന്‍ 5.5 ശതമാനം വരെ ഇടിഞ്ഞിട്ടുണ്ട്.
സമീപ വര്‍ഷങ്ങളില്‍ ബിറ്റ്‌കോയിനിന്റെയും മറ്റ് വെര്‍ച്വല്‍ കറന്‍സികളുടെയും വ്യാപാരം 'വ്യാപകമാവുകയും അത് രാജ്യത്തിന്റെ സാമ്പത്തിക ക്രമം തടസ്സപ്പെടുത്തുകയും ചെയ്തതായും ബാങ്ക് വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കല്‍, നിയമവിരുദ്ധമായ ധനസമാഹരണം, തട്ടിപ്പ്, പിരമിഡ് പദ്ധതികള്‍, മറ്റ് നിയമവിരുദ്ധ - ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കും അത് കാരണമാകുന്നതായും 'ആളുകളുടെ സ്വത്തിന്റെ സുരക്ഷയെ ഗുരുതരമായി അപകടപ്പെടുത്തുന്നതായും' അധികൃതര്‍ ചൂണ്ടിക്കാട്ടി.
2019 മുതല്‍ തന്നെ ചൈനയില്‍ ക്രിപ്‌റ്റോ നിര്‍മ്മാണവും ട്രേഡിംഗും നിയമവിരുദ്ധമാണ്. എന്നാല്‍, ഈ വര്‍ഷം സര്‍ക്കാര്‍ അതില്‍ കൂടുതല്‍ കടുംപിടുത്തവുമായി എത്തുകയും അവയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നിര്‍ത്തിവയ്ക്കാന്‍ ബാങ്കുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും രാജ്യത്തെ ബിറ്റ്‌കോയിന്‍ മൈനേഴ്‌സിന്റെ വലിയ നെറ്റ്‌വര്‍ക് അടയ്ക്കുകയും ചെയ്തിരുന്നു. എന്തായാലും പുതിയ സംഭവങ്ങള്‍ ക്രിപ്‌റ്റോ കറന്‍സികള്‍ക്കുള്ള വാതില്‍ ചൈന എന്നെന്നേക്കുമായി കൊട്ടിയടച്ചു എന്ന സൂചനയാണ് നല്‍കുന്നത്.