
ബീജിങ്: കൊറോണ പ്രതിസന്ധിയില്‍ നിന്ന് ചൈന പൂര്‍ണമായും മുക്തമാകുന്നു. രണ്ടു ദശാബ്ദങ്ങള്‍ക്കിടെ ഏറ്റവും ഉയര്‍ന്ന കയറ്റുമതി നിരക്ക് ചൈന രേഖപ്പെടുത്തി. ഞായറാഴ്ച പുറത്തുവന്ന സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇറക്കുമതിയേക്കാള്‍ എത്രയോ ഉയരത്തിലാണ് കയറ്റുമതി. ഇലക്ട്രോണിക്, തുണിത്തരങ്ങള്‍ എന്നിവയുടെ കയറ്റുമതിയാണ് ചൈനീസ് സാമ്പത്തിക രംഗത്ത് ഇളക്കം തട്ടിച്ചിരിക്കുന്നത്. കൊറോണ കാരണം മാസ്‌ക് ഉപയോഗം വര്‍ധിച്ചതിനാല്‍ ചൈനയില്‍ നിന്ന് മാസ്‌ക് കയറ്റുമതി റെക്കോഡിലെത്തിയിരിക്കുകയാണ്.
ജനുവരി-ഫെബ്രുവരി മാസങ്ങളിലെ കയറ്റുമതി ഒരു വര്‍ഷം മുമ്പുള്ള സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോള്‍ 60 ശതമാനം വര്‍ധിച്ചിരിക്കുന്നു. ഇറക്കുമതിയിലും വര്‍ധനവ് വന്നിട്ടുണ്ട്. 22 ശതമാനം വര്‍ധനവാണ് ഇറക്കുമതിയിലുണ്ടായിരിക്കുന്നത്. പക്ഷേ, കയറ്റുമതി കൂടുതല്‍ ശക്തിപ്പെട്ടത് ചൈനീസ് സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കിയിരിക്കുകയാണ്.
ചൈനീസ് കയറ്റുമതിയില്‍ കഴിഞ്ഞ വര്‍ഷം 17 ശതമനം ഇടിവുണ്ടായിരുന്നു. ഇറക്കുമതിയില്‍ 4 ശതമാനം കുറവ് വന്നു. ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളില്‍ കൊറോണയുടെ സാന്നിധ്യം കണ്ടെത്തിയതും വിവാദമായിരുന്നു. തുടര്‍ന്നാണ് ലോകരാജ്യങ്ങള്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുന്ന സാഹചര്യമുണ്ടായത്.
ചൈനയുടെ വ്യാപാര രംഗത്തെ മിച്ചം 10330 കോടി ഡോളറായി ഉയര്‍ന്നിട്ടുണ്ടെന്ന് കസ്റ്റംസ് വകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. ഇലക്ട്രോണിക് വസ്തുക്കളുടെ കയറ്റുമതിയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 54 ശതമാനം വര്‍ധനവുണ്ടായി. ടെക്സ്റ്റൈല്‍സ് രംഗത്ത് 50 ശതമാനവും. ഈ മാറ്റം വരും മാസങ്ങളിലും പ്രകടമാകുമെന്നും രാജ്യം വീണ്ടും പഴയ പ്രതാപം തിരിച്ചുപിടിക്കുമെന്നുമാണ് വ്യവസായികളുടെ കണക്കുകൂട്ടല്‍.