'ഒഴിവാക്കിയതാണല്ലേ?' : 5 ജി ട്രയലില്‍ തങ്ങളുടെ കമ്പനികളെ ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി ചൈന

May 07, 2021 |
|
News

                  'ഒഴിവാക്കിയതാണല്ലേ?' : 5 ജി ട്രയലില്‍ തങ്ങളുടെ കമ്പനികളെ ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി ചൈന

ന്യൂഡല്‍ഹി: ചൈനീസ് ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളെ രാജ്യത്തെ 5 ജി ട്രയലുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കാത്ത ഇന്ത്യയുടെ പുതിയ ടെലികോം നയത്തെക്കുറിച്ച് കടുത്ത ആശങ്ക പ്രകടിപ്പിച്ച് ചൈന. ഈ നടപടി ഇന്ത്യന്‍ വ്യവസായങ്ങളുടെ നവീകരണത്തിനും വികസനത്തിനും ഉതകുന്നതല്ലെന്ന് ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് വാങ് സിയാജിയാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

5 ജി സാങ്കേതികവിദ്യയുടെ ഉപയോഗവും പ്രയോഗങ്ങളും വിലയിരുത്തുന്നതിന് ആറുമാസത്തെ ട്രയല്‍ നടത്താന്‍ ചൊവ്വാഴ്ച ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് (ഡൊഒടി) 13 അപേക്ഷകളില്‍ അനുമതി നല്‍കിയിട്ടുണ്ട്. ട്രയലിനായി മുന്നോട്ടുപോകുന്ന ടെലികോം സേവന ദാതാക്കളില്‍ (ടിഎസ്പി) ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ്, വോഡഫോണ്‍ ഐഡിയ ലിമിറ്റഡ്, എംടിഎന്‍എല്‍ എന്നിവ ഉള്‍പ്പെടുന്നു. അവര്‍ എറിക്‌സണ്‍, നോക്കിയ, സാംസങ്, സി-ഡോട്ട് എന്നീ ഒറിജിനല്‍ എക്യുപ്‌മെന്റ് നിര്‍മാതാക്കളുമായും ടെക്‌നോളജി പ്രൊവൈഡര്‍മാരുമായും സഹകരിച്ചാണ് ട്രയലുകള്‍ നടത്തുന്നത്.   

നിരവധി വര്‍ഷങ്ങളായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനിയായ ഹുവാവേയോ ഇസഡ്ടിഇയോ പട്ടികയില്‍ ഇല്ല. രാജ്യത്ത് 4ജി വിന്യാസത്തല്‍ കാര്യമായി പങ്കുവഹിച്ചിരുന്ന കമ്പനികളാണ് ഇവ. ചൈനീസ് ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളെ മാറ്റിനിര്‍ത്തുന്നതിനുള്ളആശങ്കയും ഖേദവും ചൈന പ്രകടിപ്പിക്കുന്നതായി വാങ് സിയാജിയാന്റെ പ്രസ്താവനയില്‍ പറയുന്നു.

''പ്രമുഖമായ ചൈനീസ് കമ്പനികള്‍ വര്‍ഷങ്ങളായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്, അവര്‍ വന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ടെലികമ്മ്യൂണിക്കേഷനില്‍ ഇന്ത്യയുടെ അടിസ്ഥാന സൗകര്യ നിര്‍മാണത്തിന് സംഭാവന നല്‍കുകയും ചെയ്യുന്നു,'' സിയാജിയാന്‍ പറഞ്ഞു. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ പരസ്പര വിശ്വാസവും സഹകരണവും വര്‍ധിപ്പിക്കുന്നതിന് ഉതകുന്ന നടപടികള്‍ ഇന്ത്യ കൈക്കൊള്ളുമെന്നും നീതിപൂര്‍വവും വിവേചനങ്ങളില്ലാത്തതും തുറന്നതുമായ നിക്ഷേപ-ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുമെന്ന് കരുതുന്നതായും പ്രസ്താവനയില്‍ പറയുന്നു.

Read more topics: # 5g service, # 5 ജി,

Related Articles

© 2025 Financial Views. All Rights Reserved