'അധാര്‍മ്മികമായ വ്യാപാര ഇടപെടലിലൂടെ ചൈന ഞങ്ങളെ കൊല്ലുകയാണ്'; ചൈനയുടെ വാണിജ്യ നയങ്ങളോടുള്ള തന്റെ കടുത്ത നിലപാട് യുഎസ് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നും ട്രംപ്; രാസവസ്തു കയറ്റുമതി തടഞ്ഞ് തിരിച്ചടിക്കാന്‍ ചൈന

August 08, 2019 |
|
News

                  'അധാര്‍മ്മികമായ വ്യാപാര ഇടപെടലിലൂടെ ചൈന ഞങ്ങളെ കൊല്ലുകയാണ്'; ചൈനയുടെ വാണിജ്യ നയങ്ങളോടുള്ള തന്റെ കടുത്ത നിലപാട് യുഎസ് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നും ട്രംപ്; രാസവസ്തു കയറ്റുമതി തടഞ്ഞ് തിരിച്ചടിക്കാന്‍ ചൈന

വാഷിങ്ടണ്‍: യുഎസ്- ചൈന വ്യാപാര ബന്ധം ആടിയുലഞ്ഞിരിക്കുന്ന വേളയിലാണ് തന്റെ നിലപാട് വീണ്ടും വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. അധാര്‍മ്മികമായ വ്യാപാര ഇടപെടലിലൂടെ ചൈന ഞങ്ങളെ കൊല്ലുകയാണെന്നും ചൈനയുടെ വാണിജ്യ നയങ്ങളോടുള്ള തന്റെ കടുത്ത നിലപാട് യുഎസ് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഐ ഫോണുകള്‍ മുതല്‍ മിലിട്ടറി ആവശ്യങ്ങള്‍ക്ക് വരെ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ കയറ്റുമതി തടയുന്നതിലൂടെ തിരിച്ചടിക്കുമെന്നാണ് ചൈന ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. 

യുഎസ്- ചൈനാ വ്യാപാരയുദ്ധം കൂടുതല്‍ സങ്കീര്‍ണമാകുമെന്നു സൂചന നല്‍കിയും ചൈനയെ സമ്മര്‍ദത്തിലാക്കാന്‍ ലക്ഷ്യമിട്ടും ചൈനീസ് ഉല്‍പന്നങ്ങള്‍ക്കു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 10 ശതമാനം ഇറക്കുമതിച്ചുങ്കം കൂടി ചുമത്തിയിരുന്നു.അടുത്തിടെ നടന്ന സമവായ ശ്രമങ്ങള്‍ പരാജയപ്പെട്ടതിന്റെ തുടര്‍ച്ചയായാണ് ട്രംപിന്റെ നടപടി. 30,000 കോടി ഡോളര്‍ മൂല്യമുള്ള ഇറക്കുമതിയെ ബാധിക്കുന്ന ഈ ചുങ്കം സെപ്റ്റംബര്‍ ഒന്നിനു പ്രാബല്യത്തില്‍ വരും. നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള 25 ശതമാനം ചുങ്കത്തിനു പുറമേയാണിത്.

ധാരണയിലെത്തണമെന്നു ചൈനയ്ക്ക് ആഗ്രഹമുണ്ടെങ്കിലും നടപടികള്‍ക്കു വേഗമില്ലെന്നു ട്രംപ് ആരോപിച്ചു. വ്യാപാരയുദ്ധം ആരംഭിച്ചതിനു ശേഷം നടന്ന ചര്‍ച്ചകളില്‍ യുഎസില്‍ നിന്ന് കൂടുതല്‍ കാര്‍ഷികോല്‍പന്നങ്ങള്‍ ചൈന വാങ്ങുമെന്നു ധാരണയിലെത്തിയിരുന്നെങ്കിലും വാക്കു പാലിക്കുന്നതില്‍ ചൈന പരാജയപ്പെട്ടു. അതോടൊപ്പം വേദനസംഹാരികള്‍ ഉല്‍പാദിപ്പിക്കുന്നതിനുപയോഗിക്കുന്ന ഫെന്റനില്‍ എന്ന ഔഷധത്തിന്റെ കയറ്റുമതി നിര്‍ത്തിവയ്ക്കാനുള്ള ചൈനയുടെ തീരുമാനത്തെയും ട്രംപ് വിമര്‍ശിച്ചു.

യുഎസില്‍ മരുന്നാവശ്യമുള്ളവരെ ചൈന മരണത്തിനു വിട്ടുകൊടുക്കുകയാണെന്നു ട്രംപ് ആരോപിച്ചു. അവസാനവട്ട ചര്‍ച്ചകള്‍ക്കു ശേഷം യുഎസ് പ്രതിനിധികള്‍ ചൈനയില്‍ നിന്നു മടങ്ങിയെത്തിയതിന്റെ പിറ്റേന്നാണു ട്രംപിന്റെ നടപടി. അതേ സമയം, ചൈനയുമായി നടന്ന ചര്‍ച്ചകള്‍ ക്രിയാത്മകമാണെന്നും ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇതേ വിഷയത്തില്‍ യുഎസും ചൈനയും തമ്മില്‍ നടക്കുന്ന 12ാം വട്ട ചര്‍ച്ചകളാണു നേട്ടമുണ്ടാക്കാനാവാതെ പിരിഞ്ഞത്.

യുഎസിന്റെ നടപടിയില്‍ ചൈനീസ് വിദേശകാര്യവക്താവ് കടുത്ത അസംതൃപ്തി രേഖപ്പെടുത്തി. രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പര്യം സംരക്ഷിക്കാനുള്ള നടപടികള്‍ ചൈന സ്വീകരിക്കുമെന്നു പറഞ്ഞ വക്താവ് യുഎസിലേക്കുള്ള അവശ്യവസ്തുക്കളുടെ കയറ്റുമതിയില്‍ ചൈന നിയന്ത്രണമേര്‍പ്പെടുത്തിയേക്കുമെന്ന സൂചനയും നല്‍കി.

Related Articles

© 2024 Financial Views. All Rights Reserved