
ലോകം സമീപഭാവിയില്‍ തന്നെ മറ്റൊരു സാമ്പത്തികമാന്ദ്യം നേരിടേണ്ടി വരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. ചൈനയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ രാജ്യാന്തര വിപണികള്‍ക്ക് അത്ര ശുഭകരമല്ല. 2008 കാലഘട്ടത്തില്‍ യുഎസില്‍ നിന്നു പൊട്ടിപ്പുറപ്പെട്ട സാമ്പത്തികമാന്ദ്യത്തേക്കാളും വലുതാകും നിലവില്‍ ചൈന ഉയര്‍ത്തുന്ന ഭീഷണിയെന്നാണു വിലയിരുത്തല്‍. ഇതിന്റെ സൂചനകള്‍ വിപണികളില്‍ പ്രകടമായി തുടങ്ങിയിട്ടുണ്ട്. കോവിഡില്‍ തളര്‍ന്നിരിക്കുന്ന രാജ്യാന്തര വിപണികള്‍ക്ക് നിലവിലെ വെല്ലുവിളികളെ അതിജീവിക്കാനാകുമോയെന്നാണ് നിക്ഷേപ സമൂഹം ഉറ്റുനോക്കുന്നത്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയുടെ തകര്‍ച്ച സമസ്ത മേഖലകളെയും ബാധിക്കും. കോവിഡ് മൂന്നാംതരംഗത്തെ പ്രതീക്ഷിച്ചിരിക്കുന്ന ലോകരാഷ്ട്രങ്ങളെ സംബന്ധിച്ചു ചൈനയുടെ തളര്‍ച്ച ഓര്‍ക്കാപ്പുറത്ത് ഏറ്റ തിരിച്ചടിയാണ്.
എവര്‍ഗ്രാന്‍ഡെ ഉയര്‍ത്തിയ വെല്ലുവിളി മറികടക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് ചൈനീസ് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കോവിഡിനു ശേഷം ഇതാദ്യമായി ചൈനയുടെ ഫാക്ടറി പ്രവര്‍ത്തനങ്ങള്‍ വീണ്ടും മന്ദഗതിയിലായിരിക്കുകയാണ്. രൂക്ഷമാകുന്ന വൈദ്യുതിക്ഷാമമാണ് വിപണികളുടെ നട്ടെല്ലു തകര്‍ക്കുന്നത്. വൈദ്യതിക്ഷാമം ഉല്‍പ്പാദനത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റത്തിനും വഴിവച്ചിട്ടുണ്ട്. പണപ്പെരുപ്പം വരും മാസങ്ങളില്‍ തന്നെ ഉന്നതങ്ങളിലെത്തിമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. സെപ്റ്റംബറില്‍ ചൈനയുടെ മാനുഫാക്ചറിങ് പര്‍ച്ചേസിങ് മനേജേഴ്സ് സൂചിക 49.6 പോയിന്റാണു രേഖപ്പെടുത്തിയത്. ഓഗസ്റ്റില്‍ ഇത് 50.1 പോയിന്റായിരുന്നു. കോവിഡിനു ശേഷം അതിവേഗം തിരിച്ചുവന്ന വിപണികള്‍ക്കു കാര്യങ്ങള്‍ അനുകൂലമല്ലെന്നാണു വിലയിരുത്തല്‍.
ചൈനീസ് റിയല്‍ എസ്റ്റേറ്റ് ഭീമന്‍ എവര്‍ഗ്രാന്‍ഡെയുടെ പതനമാണ് പുറംലോകം അറിഞ്ഞ ആദ്യ വാര്‍ത്ത. എവര്‍ഗ്രാന്‍ഡെയുടെ പതനം ലോകത്തിലെ സമ്പന്നമാരുടെ ആസ്തിയിലടക്കം വന്‍ വിള്ളല്‍ വരുത്തിയിരുന്നു. 30000 കോടി ഡോളറിന്റെ ബാധ്യതയാണ് നിലവില്‍ കമ്പനിക്കു കണക്കാക്കുന്നത്. കോവിഡെത്തിയതോടെ കാര്യങ്ങള്‍ ദുഷ്‌കരമായി ഒരു വര്‍ഷത്തിനിടെ കമ്പനി ഓഹരികള്‍ 85 ശതമാനത്തോളം ഇടിഞ്ഞെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ചൈനീസ് സര്‍ക്കാരിന്റെ കാരുണ്യത്തിനായി കാത്തിരിക്കുകയാണ് കമ്പനിയിലെ നിക്ഷേപകര്‍. അടുത്തിടെ ചൈന കൊണ്ടുവന്ന നിയമപരിഷ്‌കാരങ്ങളും കാര്യങ്ങള്‍ വഷളാക്കി. ഓണ്‍ലൈന്‍ ഗെയിം, സ്വകാര്യ ട്യൂഷന്‍, ക്രിപ്റ്റോ കറന്‍സി മേഖലകളിലായിരുന്നു പുതിയ നിയമങ്ങള്‍ കൊണ്ടുവന്നത്. ക്രിപ്‌റ്റോ കറന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയത് ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്റ്റോകളുടെ വില ഇടിയാന്‍ വഴിവച്ചിരുന്നു.
എവര്‍ഗ്രാന്‍ഡെയുടെ തകര്‍ച്ചയാണ് ലോകം അടുത്ത സാമ്പത്തികമാന്ദ്യത്തിലേക്കാണെന്ന വാദം ശക്തമാക്കുന്നത്. ചൈന ഇത്രയും നാള്‍ ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഉയര്‍ത്തികാട്ടിയ റിയല്‍ എസ്റ്റേറ്റ് വിജയഗാഥകളാണ് നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നടിഞ്ഞത്. 2008ല്‍ അമേരിക്കയില്‍ തുടങ്ങിയ സാമ്പത്തികമാന്ദ്യത്തിനും പിന്നില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയായിരുന്നു. ബാങ്കുകള്‍ അലക്ഷ്യമായി വായ്പകള്‍ നല്‍കിയതായിരുന്നു അന്ന് വെല്ലുവിളിയായത്. ഒരേ ആസ്തിക്കു മുകളില്‍ നിരവധി ബാങ്കുകള്‍ വായ്പകള്‍ നല്‍കിയത് ഏറെ വൈകിയാണ് അധികൃതര്‍ തിരിച്ചറിഞ്ഞത്. ഇതിനകം വിപണികള്‍ സാമ്പത്തികമാന്ദ്യം നേരിട്ടിരുന്നു. ചൈനയിലും കൊട്ടിഘോഷിച്ച് നടപ്പാക്കിയ പദ്ധതികളില്‍ നിന്നുള്ള വരുമാനം മുടങ്ങിയതാണ് എവര്‍ഗ്രാന്‍ഡെയ്ക്ക് തിരിച്ചടിയായത്.
ചൈനയിലെ തകര്‍ച്ച വലുതാകാന്‍ കാരണം വിപണികളിലെ സ്വാധീനം തന്നെയാണ്. അസംസ്‌കൃത വസ്തുക്കള്‍ക്കും വിലക്കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ക്കും ലോക രാജ്യങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ചൈനയെയാണ്. ചൈന തന്നെ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം നേരിടുകയാണ് നിലവില്‍. വൈദ്യുതി ക്ഷാമം കമ്പനികളുടെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചുകഴിച്ചു. ഓഹരി വിപണികളും നഷ്ടത്തിന്റെ പാതയിലാണ്. സര്‍ക്കാര്‍ ഇടപെടലുകളുണ്ടയില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. ചൈനീസ് കേന്ദ്ര ബാങ്ക് തുടര്‍ച്ചയായി 17-ാം തവണയും സെപ്റ്റംബറില്‍ അടിസ്ഥാന വായ്പാ നിരക്കുകളില്‍ മാറ്റമില്ലാതെ തുടര്‍ന്നത് നേരിടുന്ന വെല്ലുവിളികളുടെ സൂചനയാണ്.