
ദില്ലി: ചൈനയിലെ ടെലികോം കമ്പനിയായ ചൈന മൊബൈല്‍ ഇന്ത്യന്‍ വിപണിയിലേക്ക്. ഭാരതി എയര്‍ടെല്ലും വോഡാഫോണ്‍ ഐഡിയയുമായും കമ്പനി ചര്‍ച്ച നടത്തി. ചൈന മൊബൈലിന്റെ വരവ് ജിയോക്ക് വന്‍ തിരിച്ചടിയായിരിക്കും സമ്മനിക്കുകയെന്നാണ് സൂചനകള്‍.ഇന്ത്യയില്‍ 5ജി വിപണി ലക്ഷ്യമിട്ടാണ് ചൈന മൊബൈലിന്റെ വരവ്. ചൈനയില്‍ 38ലക്ഷം 5ജി സബ്‌സ്‌ക്രൈബേഴ്‌സുള്ള കമ്പനിയാണ് ചൈനാമൊബൈല്‍. 2020ല്‍ ഒരു കോടി ഉപഭോക്താക്കളാണ് കമ്പനിയുടെ ലക്ഷ്യം. ആകെ 9.3 കോടി ഉപഭോക്താക്കള്‍ ചൈന മൊബൈലിന് നിലവിലുണ്ട്.
ഭാരതി എയര്‍ടെല്ലിലോ വോഡാഫോണ്‍ ഡൈിയയിലോ ഹോള്‍ഡിങ് കമ്പനിയായിട്ടായിരിക്കും കമ്പനിയുടെ ഇന്ത്യന്‍ വിപണിയിലേക്കുള്ള വരവ്. മാതൃകമ്പനികളുടെ ദൈനംദിന നയരൂപീകരണത്തില്‍ സ്വാധീനിക്കാന്‍ ശേഷിയുള്ള ഓഹരി പങ്കാളിത്തത്തോടുകൂടിയുള്ളതാണ് ഹോള്‍ഡിങ് കമ്പനികള്‍. ഭാരതി എയര്‍ടെല്‍,വോഡാഫോണ്‍ ഐഡിയയിലും കൂടി ചൈന മൊബൈല്‍ ഓഹരികള്‍ വാങ്ങിക്കൂട്ടാനും സാധ്യതയുണ്ട്. പങ്കാളികളാകുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് 5ജി സേവനങ്ങള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കി കൊടുക്കാന്‍ ചൈനാ മൊബൈലിന് എളുപ്പം സാധിക്കും. ചൈന മൊബൈല്‍ 5ജിയില്‍ 2020-22 കാലഘട്ടത്തിലാകും ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തുകയെന്ന് നേരത്തെ തന്നെ അവരുടെ ചെയര്‍മാന്‍ വ്യക്തമാക്കിയിരുന്നു.