ജാക്ക് മാക്കെതിരായ നിലപാട് കടുപ്പിച്ച് ചൈന; ആലിബാബ ഗ്രൂപ്പ് മാധ്യമ സ്ഥാപനങ്ങള്‍ കയ്യൊഴിയണമെന്ന് ചൈനീസ് സര്‍ക്കാര്‍

March 17, 2021 |
|
News

                  ജാക്ക് മാക്കെതിരായ നിലപാട് കടുപ്പിച്ച് ചൈന;  ആലിബാബ ഗ്രൂപ്പ് മാധ്യമ സ്ഥാപനങ്ങള്‍ കയ്യൊഴിയണമെന്ന് ചൈനീസ് സര്‍ക്കാര്‍

ശതകോടീശ്വരന്‍ ജാക്ക് മാക്കെതിരായ നിലപാട് ചൈന കടുപ്പിക്കുന്നു. ജാക്ക് മായുടെ ആലിബാബ ഗ്രൂപ്പ് കൈവശം വെച്ചിരിക്കുന്ന മാധ്യമ സ്ഥാപനങ്ങള്‍ കയ്യൊഴിയണമെന്ന് ചൈനീസ് സര്‍ക്കാര്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. രാജ്യത്തെ പൊതുജനാഭിപ്രായത്തില്‍ ടെക്നോളജി ഭീമന്റെ സ്വാധീനത്തെക്കുറിച്ച് ചൈനീസ് അധികൃതര്‍ കൂടുതല്‍ ആശങ്കാകുലരാണെന്ന് ദ വോള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ജാക്ക് മായുടെ ബിസിനസ് സാമ്രാജ്യത്തിന് എതിരായ ചൈനീസ് സര്‍ക്കാരിന്റെ നീക്കം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.

സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ഏറ്റെടുത്തുകൊണ്ടാണ് മാധ്യമ മേഖലയിലേക്ക് ആലിബാബ പ്രവേശിച്ചത്. ഹോങ്കോംഗില്‍ 118 വര്‍ഷം മുമ്പ് ആരംഭിച്ച ഇംഗ്ലീഷ് ഭാഷാ ദിനപത്രമാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ്. മെയ്ന്‍ലന്‍ഡ് ചൈനയിലെ ടെക്നോളജി ന്യൂസ് സൈറ്റായ 36കെആര്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഷാങ്ഹായ് മീഡിയ ഗ്രൂപ്പ് എന്നിവ ഉള്‍പ്പെടെയുള്ള പ്രമുഖ മാധ്യമ സ്ഥാപനങ്ങളുടെ ഉടമസ്ഥരാണ് ആലിബാബ. കൂടാതെ, ട്വിറ്ററിന് സമാനമായ വെയ്ബോയുടെയും മറ്റ് നിരവധി ജനപ്രിയ ചൈനീസ് ഡിജിറ്റല്‍, പ്രിന്റ് വാര്‍ത്താ മാധ്യമങ്ങളുടെയും ഓഹരി കയ്യാളുന്നു.   

സിന്‍ഹുവ ന്യൂസ് ഏജന്‍സി പോലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാധ്യമ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സംയുക്ത സംരംഭങ്ങളോ പങ്കാളിത്തങ്ങളോ ആലിബാബ സ്ഥാപിച്ചിട്ടുണ്ട്. ഷെജിയാങ്, സിചുവാന്‍ പ്രവിശ്യകളിലെ തദ്ദേശീയ ഭരണകൂടങ്ങള്‍ നടത്തുന്ന ന്യൂസ്പേപ്പര്‍ ഗ്രൂപ്പുകളുമായും സംയുക്ത സംരംഭങ്ങളും പങ്കാളിത്തങ്ങളും ആലിബാബ ആരംഭിച്ചിരുന്നു. ചൈനയിലെ ധനകാര്യ ഏജന്‍സികളെ കഴിഞ്ഞ വര്‍ഷം ജാക്ക് മാ വിമര്‍ശിച്ചതോടെയാണ് അദ്ദേഹം സര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറിയത്. ഇതേതുടര്‍ന്ന് അദ്ദേഹത്തിന്റെ ഫിന്‍ടെക് സ്ഥാപനമായ ആന്റ് ഗ്രൂപ്പിന്റെ ഐപിഒ നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു.

മാത്രമല്ല, വിപണി മല്‍സരങ്ങള്‍ക്ക് വിരുദ്ധമായി ഇ കൊമേഴ്സ് ഭീമനായ ആലിബാബ പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം ഉയരുകയും ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഏജന്‍സി അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന്, ജാക്ക് മായുടെ ഫിന്‍ടെക് സംരംഭം ആവശ്യമായ തിരുത്തലുകള്‍ വരുത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇടപാടുകളില്‍ ആന്റ് ഗ്രൂപ്പ് കൂടുതല്‍ സുതാര്യത കൊണ്ടുവരണമെന്നായിരുന്നു ഒരു നിര്‍ദേശം.   

ജാക്ക് മായുടെ അപ്രത്യക്ഷമാകലാണ് പിന്നീട് ലോകം കേട്ടത്. അവസാനമായി ജനുവരിയിലാണ് ചൈനീസ് സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അദ്ദേഹത്തെ കണ്ടത്. ആലിബാബയുടെ മാധ്യമ താല്‍പ്പര്യങ്ങള്‍ എത്രത്തോളം വിപുലമാണെന്ന് കണ്ട് ചൈനീസ് അധികൃതര്‍ പരിഭ്രാന്തരായെന്ന് വോള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൈവശം വെച്ചിരിക്കുന്ന മാധ്യമസ്ഥാപനങ്ങളുടെ എണ്ണം ഗണ്യമായി കുറയ്ക്കണമെന്ന് ഇതേതുടര്‍ന്നാണ് ഉത്തരവിട്ടത്. ഏതെല്ലാം മാധ്യമസ്ഥാപനങ്ങളാണ് കയ്യൊഴിയേണ്ടത് എന്നകാര്യം ചൈനീസ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം, ആലിബാബ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്ത ആലിബാബ ഗ്രൂപ്പ് കമ്പനികളുടെ ആകെ വിപണി മൂല്യം 8 ബില്യണ്‍ യുഎസ് ഡോളറില്‍ കൂടുതലാണ്. വെയ്ബോ കോര്‍പ്പറേഷനില്‍ 3.5 ബില്യണ്‍ യുഎസ് ഡോളറിന്റെ ഓഹരി കൂടാതെ ചൈനീസ് യുവാക്കള്‍ക്കിടയില്‍ ജനപ്രിയമായ ബിലിബിലി എന്ന വീഡിയോ പ്ലാറ്റ്ഫോമില്‍ ഏകദേശം 2.6 ബില്യണ്‍ യുഎസ് ഡോളറിന്റെയും ഓഹരി ആലിബാബ കൈവശം വെയ്ക്കുന്നു.

Related Articles

© 2025 Financial Views. All Rights Reserved