ജിഡിപി ലക്ഷ്യം 6.1ല്‍ നിന്ന് 5.5 ശതമാനമായി ചുരുക്കി ചൈന

March 05, 2022 |
|
News

                  ജിഡിപി ലക്ഷ്യം 6.1ല്‍ നിന്ന് 5.5 ശതമാനമായി ചുരുക്കി ചൈന

ബെയ്ജിംഗ്: ചൈന ഈ വര്‍ഷത്തെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) ലക്ഷ്യം 5.5 ശതമാനമായി കുറച്ചു. ശനിയാഴ്ച ആരംഭിച്ച വാര്‍ഷിക സമ്മേളനത്തില്‍ ചൈനീസ് പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന് മുന്നില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സഭയുടെ പ്രീമിയറായ ലി കൈകിയാംഗ് പുതിയ ലക്ഷ്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷത്തെ 6.1 ശതമാനത്തില്‍ നിന്നാണ് 5.5 ആയി ഇത്തവണ കുറച്ചിരിക്കുന്നത്.

ഒരു ദശാബ്ദത്തിലെ ഏറ്റവും മികച്ച പ്രകടനുമായി കഴിഞ്ഞ വര്‍ഷം ചൈനയുടെ സമ്പദ് വ്യവസ്ഥ 8.1 ശതമാനം വര്‍ധിച്ച് 18 ട്രില്യണ്‍ ഡോളറിലെത്തിയിരുന്നു. സമാന വര്‍ഷത്തില്‍ വളര്‍ച്ചാ വേഗത ആറ് ശതമാനത്തിന് മുകളിലായിരുന്നു. ഈ വര്‍ഷം 11 ദശലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ചൈന പദ്ധതിയിടുന്നതായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ലി പറഞ്ഞു. കൂടാതെ ഈ വര്‍ഷം ജിഡിപിയും ധനകമ്മിയും തമ്മിലുള്ള അനുപാതം ഏകദേശം 2.8 ശതമാനമായി കുറയ്ക്കാന്‍ ചൈന പദ്ധതിയിടുന്നുണ്ട്.

ചൈനീസ് സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനതത്ത്വങ്ങള്‍ മാറ്റമില്ലാതെ തുടരുമെന്നും അവ ദീര്‍ഘകാല വളര്‍ച്ച നിലനിര്‍ത്തുമെന്നുമുള്ള പ്രതീക്ഷ ലീ പങ്കുവച്ചു. വാര്‍ഷിക നിയമനിര്‍മാണങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി സഭ ഒരാഴ്ചയിലേറെ നീണ്ടു നില്‍ക്കും. ഏതാണ്ട് 2800 ലധികം അംഗങ്ങളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

Read more topics: # GDP, # ജിഡിപി, # China,

Related Articles

© 2025 Financial Views. All Rights Reserved