
ബീജിങ്: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ചൈനയില്‍ നിന്നായിരുന്നു. വുഹാനില്‍ നിന്ന് തുടങ്ങിയ രോഗബാധ ചൈനയും കടന്ന് ലോകം മുഴുവന്‍ കീഴടക്കി. എന്നാല്‍ അപ്പോഴേക്കും ചൈന വൈറസിനെ ഫലപ്രദമായി പ്രതിരോധിച്ചിരുന്നു. പക്ഷേ, അതിന് വലിയ വിലയും ചൈന നല്‍കേണ്ടി വന്നു. ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങും മുമ്പേ ചൈന കൊടിയ പ്രതിസന്ധിയില്‍ ആയി. അതേസമയം, ലോകം മുഴുവന്‍ പ്രതിസന്ധി കനത്തപ്പോള്‍ പിടിച്ചു നിന്നത് ചൈന മാത്രമായിരുന്നു. ചൈനയില്‍ നിന്ന് മറ്റൊരു ശുഭവാര്‍ത്ത കൂടി പുറത്ത് വരികയാണ് ഇപ്പോള്‍.
ചൈനീസ് ഓഹരി വിപണി കുറച്ച് നാളുകളായി കടുത്ത തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. സാമ്പത്തിക തിരിച്ചുവരവില്‍ രാജ്യം നേട്ടമുണ്ടാക്കിയെങ്കിലും ഓഹരി വിപണിയില്‍ അത് കാര്യമായി പ്രതിഫലിച്ചിരുന്നു. എന്നാല്‍, ആ പ്രശ്നവും ഇപ്പോള്‍ പരിഹരിക്കപ്പെട്ടു. റെക്കോര്‍ഡ് നേട്ടമാണ് ചൈനയിലെ സിഎസ്ഐ ഇന്‍ഡക്സ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച ക്ലോസ് ചെയ്യുമ്പോള്‍ 1.9 ശതമാനം ആയിരുന്നു വളര്‍ച്ച. ഇതോടെ കഴിഞ്ഞ 13 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലും വിപണി എത്തി.
2008 ന് ശേഷം 2015 ല്‍ ആയിരുന്നു സിഎസ്ഐ ഇന്‍ഡക്സ് മികച്ച നേട്ടം കൈവരിച്ചത്. ആ റെക്കോര്‍ഡ് ആണ് 5,353.75 പോയിന്റ് മറികടന്നതോടെ തിരുത്തിക്കുറിച്ചിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലെ സ്ഥിതിയില്‍ നിന്ന് അമ്പത് ശതമാനത്തോളമാണ് ഇപ്പോള്‍ വിപണിയിലെ മുന്നേറ്റം. ഇതോടെ ചൈനയിലെ ആഭ്യന്തര ഓഹരികളുടെ മൂല്യം 11 ട്രില്യണ്‍ ഡോളര്‍ ആയി. ഇതും സര്‍വ്വകാല റെക്കോര്‍ഡ് ആണ്.
2015 ല്‍ ഓഹരി വിപണിയില്‍ ഉണ്ടായ വന്‍ മുന്നേറ്റത്തിന്റെ ഓര്‍മ്മ ചൈനയ്ക്ക് ഇപ്പോഴും ഉണ്ട്. അന്ന് ആ വന്‍മുന്നേറ്റത്തിന് പിറകെ എത്തിയത് വലിയ തിരിച്ചടി ആയിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ 5.2 ട്രില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഓഹരി വിപണി നേരിട്ടത്. സമാനമായ മുന്നേറ്റം കഴിഞ്ഞ ജൂലായ് മാസത്തില്‍ പ്രകടമായപ്പോള്‍, അതിനെ നിയന്ത്രിക്കാനുള്ള നീക്കമായിരുന്നു അധികൃതര്‍ സ്വീകരിച്ചത്.
എന്തായാലും 2015 ലെ പോലെ ആകില്ല ഇത്തവണ എന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം. ഈ മുന്നേറ്റം കുറച്ച് കാലം നിലനിന്നേക്കും എന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. സിഎസ്ഐ ഇന്‍ഡക്സ് 5,525 നും 5,570 നും ഇടയിലേക്ക് ഉയര്‍ന്നേക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ചൈന ഉണ്ടാക്കുന്ന നേട്ടങ്ങള്‍ ആഗോള വിപണിയിലും ചര്‍ച്ചയാണ്. മികച്ച ജിഡിപിയുമായി കഴിഞ്ഞ പാദത്തില്‍ ചൈന ലോകരാജ്യങ്ങളെ ഞെട്ടിച്ചിരുന്നു. യൂറോപ്പും അമേരിക്കയും ഇപ്പോഴും കൊവിഡ് പ്രതിസന്ധിയില്‍ തളര്‍ന്നിരിക്കുമ്പോള്‍ ആണ് ചൈനയുടെ ഈ മുന്നേറ്റങ്ങള്‍.