
ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്ന ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം ഉരുക്ക് വാങ്ങിയത് ചൈന. ഇന്ത്യന്‍ ഉരുക്ക് കയറ്റുമതിയുടെ 48 ശതമാനവും ചൈനയിലേക്കായിരുന്നു.
ജോയിന്റ് പ്ലാന്റ് കമ്മിറ്റി (ജെപിസി) കണക്കുകള്‍ പ്രകാരം, 2020 ഏപ്രില്‍ ഒന്നിനും മെയ് 31 നും ഇടയില്‍ 440,000 ടണ്ണായിരുന്നു ചൈനയിലേക്കുള്ള ഉരുക്ക് കയറ്റുമതിയുടെ ആകെ അളവ്. മൊത്തം ഫിനിഷ്ഡ് സ്റ്റീല്‍ കയറ്റുമതി 1.7 ദശലക്ഷം ടണ്ണും സെമി 1.3 ദശലക്ഷം ടണ്ണുമാണ്. പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ലോകത്ത് ഇരുമ്പുരുക്ക് ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. മാര്‍ച്ച് അവസാനം ടണ്ണിന് 83 ഡോളറായിരുന്നു ഇരുമ്പ് ഉരുക്കിന്റെ വില. എന്നാല്‍ ഇപ്പോഴത് ടണ്ണിന് 103 ഡോളറിലേക്ക് എത്തി. ചൈനയിലെ ആഭ്യന്തര വിപണിയില്‍ തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുന്ന ഉരുക്കിന്റെ വില വന്‍തോതില്‍ ഉയര്‍ന്നതും ഇന്ത്യക്ക് നേട്ടമായി. ഇന്ത്യയില്‍ നിന്നുള്ള ഉരുക്ക് വാങ്ങിയ ചൈനീസ് കമ്പനികള്‍ 70 ഡോളര്‍ വരെ ടണ്ണിന് ലാഭം ഉണ്ടാക്കി.