എച്ച്.ഡി.എഫ്.സി.യുടെ 1.75 കോടി ഓഹരികൾ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന സ്വന്തമാക്കി; മൊത്തം ഓഹരിയുടെ ഒരു ശതമാനത്തിലധികം ചൈനീസ് കേന്ദ്ര ബാങ്കിന് സ്വന്തം

April 13, 2020 |
|
News

                  എച്ച്.ഡി.എഫ്.സി.യുടെ 1.75 കോടി ഓഹരികൾ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന സ്വന്തമാക്കി; മൊത്തം ഓഹരിയുടെ ഒരു ശതമാനത്തിലധികം ചൈനീസ് കേന്ദ്ര ബാങ്കിന് സ്വന്തം

കൊറോണ വൈറസ് വ്യാപനത്തിനിടെ ചൈനയുടെ കേന്ദ്ര ബാങ്കായ ‘പീപ്പിൾസ് ബാങ്ക് ഓഫ് ചൈന’ ഇന്ത്യയിലെ ഏറ്റവും വലിയ ഭവനവായ്പാ സ്ഥാപനമായ ‘എച്ച്.ഡി.എഫ്.സി. ലിമിറ്റഡി’ന്റെ ഏതാണ്ട് 1.75 കോടി ഓഹരികൾ സ്വന്തമാക്കി. എച്ച്.ഡി.എഫ്.സി.യുടെ മൊത്തം ഓഹരിയുടെ 1.01 ശതമാനം വരുമിത്. 2020 ജനുവരിക്കും മാർച്ചിനും ഇടയിലാണ് ഇടപാടുകൾ എന്നാണ് സൂചന. എച്ച്.ഡി.എഫ്.സി.യുടെ ഓഹരി വില 41 ശതമാനം ഇടിഞ്ഞ സമയത്താണ് ഈ ഏറ്റെടുക്കൽ.

ജനുവരി 14-ന് എച്ച്.ഡി.എഫ്.സി.യുടെ ഓഹരിവില 2,499.65 രൂപയിലെത്തി. ഇത് ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിലയായിരുന്നു. എന്നാൽ, കൊറോണ ആശങ്കയിൽ സെൻസെക്സ് തകർന്നപ്പോൾ എച്ച്.ഡി.എഫ്.സി.യുടെ വില അതിനേക്കാൾ വേഗത്തിൽ ഇടിയുകയായിരുന്നു. കഴിഞ്ഞയാഴ്ച 1,701.95 രൂപ നിലവാരത്തിലായിരുന്നു ക്ലോസിങ്.

അതേസമയം, 2019 മാർച്ച് പാദം മുതൽതന്നെ പീപ്പിൾസ് ബാങ്ക്, എച്ച്.ഡി. എഫ്.സി.യിൽ പങ്കാളിയാണെന്ന് എച്ച്.ഡി.എഫ്.സി.യുടെ വൈസ് ചെയർമാൻ കേകി മിസ്ത്രി പറഞ്ഞു. 0.8 ശതമാനം ഓഹരി പങ്കാളിത്തം പീപ്പിൾസ് ബാങ്കിന് നേരത്തെ തന്നെ എച്ച്.ഡി. എഫ്.സി.യിൽ ഉണ്ടായിരുന്നു. ഓഹരിപങ്കാളിത്തം ഒരു ശതമാനത്തിന് മുകളിലെത്തിയതിനാൽ സ്റ്റോക്ക് എക്സ്‌ചേഞ്ചുകളെ ഇപ്പോൾ അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സെൻട്രൽ ബാങ്കുകൾ അതത് രാജ്യങ്ങളിലെ പരമാധികാര സ്വത്ത് ഫണ്ടുകൾക്കായി ഓഹരികൾ വാങ്ങുന്നത് സാധാരണമാണെന്ന് കമ്പനി സിഇഒ പരേഖ് പറഞ്ഞു. എച്ച്ഡിഎഫ്സി സ്റ്റോക്ക് അവരുടെ പരമാധികാര സ്വത്ത് ഫണ്ടിനായി വാങ്ങിയ സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി (രാജ്യത്തിന്റെ സെൻട്രൽ ബാങ്ക്) സാമയുടെ ഉടമസ്ഥതയിലുള്ളതാണ്. സിംഗപ്പൂർ സർക്കാർ പോലുള്ള ഇന്ത്യൻ സ്റ്റോക്കുകൾ ഉൾപ്പെടെ മറ്റ് പലരും എച്ച്ഡിഎഫ്സിയുടെ ഓഹരികൾ വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

© 2025 Financial Views. All Rights Reserved