
നാം ഇന്നുപയോഗിക്കുന്ന പേപ്പര്‍ കറന്‍സി ലോകത്ത് ആദ്യമായി കണ്ടു പിടിച്ചത് ചൈനയാണ്. ഇപ്പോഴിതാ ലോകത്ത് ആദ്യമായി ഡിജിറ്റല്‍ കറന്‍സി ഇറക്കുന്ന ഏറ്റവും വലിയ രാജ്യമായി ചൈന മാറുകയാണ്. ചൈനയുടെ ഔദ്യോഗിക കറന്‍സിയാണ് യുവാന്‍. ഡിജിറ്റല്‍ കറന്‍സി ഡിജിറ്റല്‍ യുവാന്‍ എന്നാണ് അറിയപ്പെടുക. ഡിജിറ്റല്‍ യുവാന്റെ പരിപൂര്‍ണ നിയന്ത്രണം ചൈനയുടെ സെന്‍ട്രല്‍ ബാങ്ക് ആയ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയ്ക്കാണ്.
നാല് നഗരങ്ങളില്‍ നടത്തിയ പരീക്ഷണ പ്രവര്‍ത്തനങ്ങളുടെ വിജയത്തെ തുടര്‍ന്നാണ് ഡിജിറ്റല്‍ യുവാന്‍ ഔദ്യോഗികമായി ചൈന ലോഞ്ച് ചെയ്യാന്‍ ഒരുങ്ങുന്നത്. ബിറ്റ് കോയിന്‍ ഉള്‍പെടുന്ന ക്രിപ്‌റ്റോ കറന്‍സികളില്‍ നിന്നും വ്യത്യസ്തമായിട്ടായിരിക്കും ഡിജിറ്റല്‍ യുവാന്റെ പ്രവര്‍ത്തനം. ചൈനയില്‍ നിന്നുള്ള ആപ്പുകളായ ആലി പേ, വിചാറ്റ്‌പേ എന്നിവ പോലെയായിരിക്കും ഡിജിറ്റല്‍ യുവാനും. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് അവരവരുടെ വാലറ്റുകളില്‍ പണം സൂക്ഷിക്കാം. ക്യു ആര്‍ കോഡ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുകയും ചെയ്യാം.
ഇന്ത്യയിലും ഡിജിറ്റല്‍ കറന്‍സി ആലോചനയിലാണ്. അമേരിക്കയില്‍ ഡിജിറ്റല്‍ ഡോളര്‍ പരീക്ഷണ ഘട്ടത്തിലാണ്. സ്വീഡന്‍ വൈകാതെ ഡിജിറ്റല്‍ ക്രോണ ഇറക്കും. ബഹാമസ് സാന്റ് ഡോളര്‍ എന്ന പേരില്‍ ഡിജിറ്റല്‍ കറന്‍സി ഇറക്കിക്കഴിഞ്ഞു.