
കൊച്ചി: രാജ്യത്ത് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിക്കുമെന്ന് ആശങ്ക. കഴിഞ്ഞ ദിവസം ചൈന പുറത്തുവിട്ട കണക്കുകളാണ് ആശങ്കയ്ക്കു കാരണം. ജൂലൈയിലെ റീട്ടെയില്‍ കണക്കുകള്‍ പ്രകാരം ചൈനയിലെ വിതരണശൃഖലയില്‍ പ്രതീക്ഷിച്ചതിലേറെ ഇടിവുണ്ടായി. ജൂലൈയില്‍ റീട്ടെയില്‍ വ്യാപാരം 11.5 ശതമാനം ഉയരുമെന്നായിരുന്നു ചൈനീസ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. എന്നാല്‍ വളര്‍ച്ച 8.5 ശതമാനം മാത്രമാണ്. കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതാണ് വിപണികളില്‍ പ്രതിഫലിച്ചത്.
വില്‍പ്പന കുറഞ്ഞ സാഹചര്യത്തില്‍ കമ്പനികള്‍ ഉല്‍പ്പാദനം കുറയ്ക്കുമെന്നാണു വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ചൈനയിലെ പ്രമുഖ തുറമുഖങ്ങളിലൊന്നില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിതീകരിച്ചതോടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ രാജ്യത്തിനകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള വ്യാപാരം തടസപ്പെട്ടു. കോവിഡിനെ തുടര്‍ന്ന് ചൈനയില്‍നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ വന്‍ കുറവ് വന്നിട്ടുണ്ട്. ഇന്ത്യന്‍ ഇലക്ട്രോണിക്സ് വിപണി ഏറ്റവും കൂടുതല്‍ അസംസ്‌കൃത വസ്തുക്കള്‍ക്കായി ആശ്രയിക്കുന്നത് ചൈനയെയാണ്. ഇതോടകം ഇന്ത്യന്‍ വിപണികളില്‍ വസ്തുക്കളുടെ ദൗര്‍ലഭ്യം രൂക്ഷമായിട്ടുണ്ട്.
വാഹന അനുബന്ധ മേഖലയിലാകും കൂടുതല്‍ തിരിച്ചടി നേരിടുക. കോവിഡും അസംസ്‌കൃത വസ്തുക്കളുടെ കുറവും മൂലം ഈ വര്‍ഷം ആദ്യം മുതല്‍ രാജ്യത്ത് വിവിധ കമ്പനികള്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുകയാണ്. ചൈനീസ് വിപണിയില്‍നിന്നുള്ള വരവ് കുറയുന്നതോടെ വില വീണ്ടും കുതിക്കുമെന്ന് ഉറപ്പാണ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കെതിരേ രാജ്യത്തിനകത്ത് പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത് ഇപ്പോഴും ഇവ തന്നെയാണ്. വിലക്കുറവ് തന്നെയാണ് ചൈനീസ് ഉല്‍പ്പന്നങ്ങളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. ചൈനയിലെ ഉല്‍പ്പാദനങ്ങള്‍ തടസപ്പെട്ടെന്നു വ്യക്തമാക്കുന്നതാണ് അവിടത്തെ തൊഴില്‍ കണക്കുകള്‍. കഴിഞ്ഞ മാസം ചൈനയിലെ തൊഴിലില്ലായ്മാ നിരക്ക് 5.1 ശതമാനമാണ്. അതേസമയം 16നും 24നും ഇടിയിലെ തൊഴില്‍രഹിതരുടെ എണ്ണം 16.2 ശതമാനത്തിലെത്തി.