
ഏറെക്കാലമായി രാജ്യത്തെ വാഹന പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്സിന്റെ ഇന്ത്യാ പ്രവേശനം. രണ്ട് വര്‍ഷം മുമ്പാണ് ഗ്രേറ്റ് വാള്‍ മോട്ടോഴ്സിന്റെ ഇന്ത്യയിലെ അനുബന്ധ കമ്പനിയായ ഹവല്‍ മോട്ടോര്‍ ഇന്ത്യയുടെ വരവ് പ്രഖ്യാപിച്ചത്. 2020 ആദ്യം ഹവല്‍ മോട്ടോഴ്സ് ഇന്ത്യയിലെ പ്രവര്‍ത്തനം ആരംഭിച്ചേക്കും എന്നും 2021-2022 കാലഘട്ടത്തില്‍ ഹവലിന്റെ ആദ്യ മോഡലും ഇന്ത്യന്‍ നിരത്തിലെത്തിയേക്കുമെന്നും ഹവല്‍ എച്ച്6 എസ്‌യുവി മോഡലായിരിക്കും ആദ്യം ഗ്രേറ്റ് വാള്‍ കുടുംബത്തില്‍നിന്ന് ഇന്ത്യയിലെത്തുക എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ കൊവിഡ്-19 വൈറസിന്റെ വ്യാപനം അതിന് വിനയായി. കൊവിഡ് വേണ്ടവിധം നിയന്ത്രിക്കാന്‍ ചൈന കാണിച്ച അലംഭാവം ചൂണ്ടിക്കാട്ടി ധാരാളം രാജ്യങ്ങള്‍ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. കടക്കെണിയിലായ ഇന്ത്യന്‍ കമ്പനികളെ ചൈനീസ് കമ്പനികള്‍ വിഴുങ്ങാതിരിക്കാന്‍ ഇന്ത്യയും ചില നീയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതും ചൈനീസ് വണ്ടിക്കമ്പനിയുപടെ വരവിന് തടസമായി.
എന്നാല്‍ നീട്ടിവെച്ച ആ വരവ് ഈ വര്‍ഷമുണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഗ്രേറ്റ് വാള്‍ മോട്ടോഴ്സിന്റെ ഹവല്‍ എഫ്7 എന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ സഹിതം ഇന്ത്യന്‍ വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രേറ്റ് വാള്‍ മോട്ടോഴ്സ് ഇന്ത്യയില്‍ എത്തിക്കുന്ന ആദ്യ വാഹനം ഇതായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനുപുറമെ, ബെംഗളൂരുവില്‍ ഗ്രേറ്റ് വാള്‍ മോട്ടോഴ്സിന്റെ റിസേര്‍ച്ച് സെന്ററും ആരംഭിച്ചാതും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.