
ന്യൂഡല്‍ഹി: നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ ചൈനീസ് ബാങ്കായ ഐസിബിസിക്ക് ഓഹരികള്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ തങ്ങള്‍ക്ക് അനുവദിച്ച ഓഹരി ഭാഗം സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇന്റസ്ട്രിയല്‍ ആന്റ് കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ചൈന ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല.
റിസര്‍വ് ബാങ്ക് നിയന്ത്രണത്തിന് കീഴിലുള്ള 131 സ്ഥാപനങ്ങളില്‍ ഒന്നാണ് ഈ ചൈനീസ് ബാങ്ക്. സെപ്തംബര്‍ 18 നാണ് ഐസിബിസി അടക്കമുള്ള 131 പുതിയ ഓഹരി ഉടമകളെ പ്രത്യേക ഭേദഗതി വഴി അംഗീകരിച്ചത്. പ്രൈവറ്റ് പ്ലേസ്‌മെന്റ് നടപടികള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്നാണ് എന്‍പിസിഐയുടെ വിശദീകരണം.
ഐസിബിസി അടക്കമുള്ള അഞ്ച് വിദേശ ബാങ്കുകള്‍ക്ക് അഞ്ച് ശതമാനത്തില്‍ താഴെ ഓഹരികളാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഐസിബിസി മറുപടി നല്‍കാത്തതിനാല്‍ എന്‍പിസിഐ ഇതുവരെ ഓഹരികള്‍ അവര്‍ക് ഇഷ്യൂ ചെയ്തിട്ടുമില്ല. ചൈനീസ് ഭരണകൂടമാണ് ഐസിബിസി ബാങ്കിന്റെ ഉടമകള്‍. നാല് ലക്ഷം കോടി ഡോളര്‍ ആസ്തിയുള്ള ഈ ബാങ്ക് ലോകത്തിലെ തന്നെ ഏറ്റവും വലിയ ബാങ്കാണ്. ഐസിബിസി ഓഹരികള്‍ വാങ്ങാതിരിക്കുമോയെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല.