
ന്യൂഡല്‍ഹി: അനില്‍ അംബാനി വായ്പയായെടുത്ത 5,300 കോടി രൂപ തിരിച്ചുപിടിക്കാന്‍ ചൈനീസ് ബാങ്കുകള്‍. മൂന്നു ചൈനീസ് ബാങ്കുകളാണ് അനില്‍ അംബാനിയുടെ സ്വത്തുക്കള്‍ കണ്ടെുകെട്ടുന്ന നടപടികളുമായി മുന്നോട്ടുപോകുന്നത്. ലണ്ടനില കോടതിയില്‍ ഇതുസംബന്ധിച്ച വ്യവഹാരവുമായി ബന്ധപ്പെട്ട് അനില്‍ അംബാനി ഹാജരായതിനുപിന്നാലെയാണ് നടപടിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ചൈന, എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈന, ചൈന ഡെവലപ്‌മെന്റ് ബാങ്ക് എന്നിവയാണ് അനില്‍ അംബാനിയുടെ ഇന്ത്യക്കുപുറത്തുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാനൊരുങ്ങുന്നത്. 2012ലാണ് അംബാനിക്ക് വായ്പയനുവദിച്ചത്. എന്നാല്‍ 2017മുതല്‍ വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തുകയായിരുന്നു. അനില്‍ അംബാനിയോട് 716 ദശലക്ഷം ഡോളര്‍ ചൈനീസ് ബാങ്കുകള്‍ക്ക് നല്‍കാനാണ് ഈ വര്‍ഷം മെയ് 22 ന് യുകെ കോടതി ഉത്തരവിട്ടത്. ജൂണ്‍ 29 ആയപ്പോഴേക്കും, പലിശ കൂടി നല്‍കേണ്ട കടം 717.67 മില്യണ്‍ ഡോളറായി ഉയര്‍ന്നു.
തങ്ങള്‍ക്ക് ഒരു പൈസ പോലും നല്‍കാതിരിക്കാന്‍ പല്ലും നഖവും ഉപയോഗിച്ച് പോരാടുകയാണ് അനില്‍ അംബാനിയെന്ന് ബാങ്കുകളെ പ്രതിനിധീകരിച്ച് ബാങ്കിം താങ്കി ക്യുസി യുകെ ഹൈക്കോടതിയുടെ വാണിജ്യ കോടതിയെ അറിയിച്ചു. വെള്ളിയാഴ്ചത്തെ ഹിയറിംഗിന് ശേഷം, അംബാനിക്കെതിരെ എന്‍ഫോഴ്സ്മെന്റ് നടപടികള്‍ ആരംഭിക്കാന്‍ പോകുകയാണെന്ന് ബാങ്കുകള്‍ ഒരു പ്രസ്താവന പുറത്തിറക്കി. ക്രോസ് വിസ്താരത്തില്‍ നിന്നുള്ള വിവരങ്ങള്‍ ബാങ്കുകള്‍ക്ക് അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നല്‍കാനുള്ള കുടിശ്ശിക വീണ്ടെടുക്കുന്നതിനും ലഭ്യമായ എല്ലാ നിയമപരമായ മാര്‍ഗ്ഗങ്ങളും പിന്തുടരാന്‍ സഹായിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിലവിലെ അംബാനിക്കെതിരായ പാപ്പരത്ത നടപടികളെത്തുടര്‍ന്ന് ചൈനീസ് ബാങ്കുകള്‍ നിലവില്‍ ഇന്ത്യയിലെ അംബാനിയുടെ സ്വത്തുക്കള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ ആരംഭിച്ചേക്കില്ല. സത്യവാങ്മൂലത്തിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയ്ക്ക് പുറത്തുള്ള അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ക്കെതിരെയായിരിക്കും ബാങ്കുകള്‍ നടപടിയെടുക്കുക.
ലോകമെമ്പാടുമുള്ള തന്റെ സ്വത്തുക്കള്‍ 100,000 യുഎസ് ഡോളറില്‍ (ഏകദേശം 74 ലക്ഷം രൂപ) കവിയുന്നവയുടെ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ 2020 ജൂണ്‍ 29 ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അവ സ്വന്തം പേരിലാണെങ്കിലും അല്ലെങ്കിലും, അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള എല്ലാ രേഖകളും സമര്‍പ്പിക്കാനായിരുന്നു ഉത്തരവ്. അനില്‍ അംബാനിയുടെ വരുമാനവും ആസ്തികളും ബാധ്യതകളും, ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബാലന്‍സ് ഷീറ്റുകള്‍, അദ്ദേഹത്തിന്റെ എല്ലാ ബിസിനസുകള്‍ക്കുമായുള്ള ലാഭനഷ്ട അക്കൗണ്ടുകള്‍, ഫാമിലി ട്രസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ എല്ലാ ട്രസ്റ്റുകളുടെയും തെളിവുകള്‍ എന്നിവ ഉള്‍പ്പെടുന്നതായിരുന്നു ആ രേഖകള്‍. വെള്ളിയാഴ്ച വീഡിയോ ലിങ്ക് വഴി കോടതിയില്‍ ഹാജരാകാനും ബാങ്കുകള്‍ ചോദിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും സത്യസന്ധമായ ഉത്തരം നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു.
ക്രോസ് വിസ്താരത്തിന് മിനിറ്റുകള്‍ക്ക് മുമ്പ്, തന്റെ സാമ്പത്തിക രേഖകള്‍ മൂന്നാം കക്ഷികള്‍ക്ക് ലഭ്യമാകരുതെന്ന ഉത്തരവ് അദ്ദേഹം വിജയകരമായി നേടി, എന്നാല്‍ അപേക്ഷ നല്‍കിയിട്ടും ക്രോസ് വിസ്താരം സ്വകാര്യമായി കേള്‍ക്കണം എന്നതില്‍ അംബാനി പരാജയപ്പെട്ടു. മൂന്ന് ചൈനീസ് ബാങ്കുകളും 2012 ല്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് (ആര്‍കോം) നല്‍കിയ 925 മില്യണ്‍ ഡോളര്‍ (6,817 കോടി രൂപ) വായ്പയെച്ചൊല്ലിയാണ് കേസ് ആരംഭിച്ചത്. ആര്‍കോം തുടക്കത്തില്‍ വായ്പ തിരിച്ചടച്ചിരുന്നെങ്കിലും പിന്നീട് അടവുകള്‍ മുടങ്ങുകയായിരുന്നു.
ആര്‍കോമിന്റെ മുന്‍ ചെയര്‍മാന്‍ അംബാനി 925 മില്യണ്‍ ഡോളര്‍ വരെ വായ്പയ്ക്ക് വ്യക്തിഗത ഗ്യാരണ്ടി നല്‍കിയതായി ചൈനീസ് ബാങ്കുകള്‍ അവകാശപ്പെടുന്നു. ഗ്യാരണ്ടി തനിക്ക് ബാധകമാണെന്നത് അദ്ദേഹം നിഷേധിച്ചു. എന്നിരുന്നാലും, 2020 മെയ് 22 ന് സമര്‍പ്പിച്ച സംക്ഷിപ്ത വിധിന്യായത്തില്‍ ഹൈക്കോടതി, വ്യക്തിഗത ഗ്യാരണ്ടി അംബാനിയെ ബാധിക്കുന്നതാണെന്ന വാദം ശരിവച്ചിരുന്നു.