
ഡല്‍ഹി: വൈദ്യുത വാഹനങ്ങള്‍ക്ക് ഗുണനിലവാരം കുറഞ്ഞ ബാറ്ററികള്‍ ഇറക്കുമതി ചെയ്യുകയാണ് ചൈനയിപ്പോള്‍ എന്ന വാര്‍ത്ത രാജ്യത്തെ വാഹന രംഗത്തെ തന്നെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇതിനിടെ ചൈനീസ് ബാറ്ററികള്‍ക്ക് വില കുറയ്ക്കുന്നതിനും സബ്‌സിഡികള്‍ നല്‍കുന്നതിനും ചൈനീസ് സര്‍ക്കാരും നീക്കം നടത്തിയിരുന്നു. ഇലക്ട്രിക്ക് വാഹനങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കം ശക്തമാക്കിയിരിക്കുന്ന വേളയിലാണ് കൂടുതല്‍ ബാറ്ററികള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ ചൈന തയാറെടുക്കുന്നത്.
ഈ വേളയില്‍ തന്നെ ഗുണനിലവാരമില്ലാത്ത ബാറ്ററികളും ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് എത്തുന്നുണ്ട് എന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്ന സംഗതി. ഇത് ഒറിജിനല്‍ എക്യിപ്‌മെന്റ് മാനുഫാക്‌ചേഴ്‌സാണ് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയത്. 10000 കോടി മുതല്‍ മുടക്കില്‍ ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക്ക് വെഹിക്കിള്‍സ് സ്‌കീം പ്രകാരം രാജ്യത്ത് വൈദ്യുത വാഹനങ്ങള്‍ വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യം.
2010 മുതല്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ചൈന സബ്‌സിഡി നല്‍കുന്നുണ്ട്. മണിക്കൂറില്‍ 25 കിലോമീറ്റര്‍ ദൂരം വേഗത നല്‍കുന്ന സ്‌കൂട്ടറികള്‍ക്കാണ് ആദ്യം സബ്‌സിഡി നല്‍കിയിരുന്നത്. ചൈനീസ് ഉല്‍പന്നങ്ങളില്‍ നിന്നും ഗുണമേന്മയുടെ കാര്യത്തില്‍ തിരിച്ചടി അടക്കമുള്ള പ്രശ്‌നങ്ങള്‍ നേരിടുന്ന വേളയിലാണ് സ്വയം ബാറ്ററി നിര്‍മ്മിക്കാന്‍ ഇന്ത്യ നീക്കം നടത്തുന്നത്.
ഇന്ത്യയെ സമ്പൂര്‍ണമായും വൈദ്യുതി വാഹനങ്ങള്‍ ഉപയോഗിക്കുന്ന രാജ്യമാക്കി മാറ്റാനുള്ള നീക്കത്തിനിടയിലാണ് 50,000 കോടി രൂപ മുതല്‍മുടക്കില്‍ ലിഥിയം അയണ്‍ ബാറ്ററികള്‍ക്കായി പ്രത്യേക പ്ലാന്റ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഈ വേളയിലാണ് ഓട്ടോമൊബൈല്‍ ഭീമനായ ടെസ്ലയും ചൈനീസ് കമ്പനിയായ കന്റെംപററി ആംപേരക്സ് ടെക്ക്നോളജി ലിമിറ്റഡും പദ്ധതിയില്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.
ചൈനയുടെ തന്നെ ഓട്ടോമൊബൈല്‍ ഭീമനായ ബിവൈഡിയാണ് താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്ന മറ്റൊരു കമ്പനി. ഇന്ത്യയെ വൈദ്യുത വാഹന വിപണിയുടെ ഹബാക്കി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്‍രെ നീക്കത്തിന് പിന്നാലെയാണ് ആഗോള തലത്തില്‍ മറ്റ് കമ്പനികള്‍ ഇന്ത്യയുടെ പുത്തന്‍ ചുവടുവെപ്പുകള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി 50 ജിഗാവാട്ട് അവര്‍ ഫാക്ടറികളാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ അവസാന ടെണ്ടര്‍ ഫെബ്രുവരിയോടെ തയാറാകുമെന്നാണ് സൂചന. 1000 മെഗാവാട്ട് അവര്‍ ബാറ്ററികള്‍ നിര്‍മ്മിക്കുന്നത് വഴി ഒരു മില്യണ്‍ വീടുകള്‍ക്ക് ഒരു മണിക്കൂര്‍ വീതം വൈദ്യുതി നല്‍കാമെന്നും 30,000 വൈദ്യുത കാറുകള്‍ക്കും ഇത് ഘടിപ്പിക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ ഇറക്കാന്‍ ടെസ്ലയും നീക്കങ്ങള്‍ നടത്തുകയാണ്. രാജ്യത്തെ വാഹന വിപണി വന്‍ പ്രതിസന്ധി നേരിടുന്ന വേളയിലാണ് ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ സര്‍ക്കാരിനെ സമീപിക്കുന്നത്. വാഹനങ്ങള്‍ക്ക് 18മുതല്‍ 28 ശതമാനം വരെ ജിഎസ്ടി കുറയ്ക്കുന്നതിന് വാഹന നിര്‍മ്മാതാക്കള്‍ ശ്രമിച്ചിരുന്നുവെങ്കിലും വാഹന വിപണിയ്ക്ക് ഉണര്‍വേകാന്‍ ഇതിന് സാധിച്ചിട്ടില്ല.