
കോവിഡ് പ്രതിസന്ധികളും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കെതിരെയുള്ള ബഹിഷ്‌കരണത്തെയും അതിജീവിച്ച്, ഇന്ത്യയില്‍ ഉത്സവ സീസണില്‍ ചൈനീസ് സ്മാര്‍ട്ട് ഫോണുകളുടെ മുന്നേറ്റം. ഉത്സവ സീസണിലെ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ വില്‍പ്പനയുമായി താരതമ്യം ചെയ്തു നോക്കുമ്പോള്‍ ചൈനീസ് കമ്പനികള്‍ക്ക് ആശ്വസിക്കാന്‍ വകയുണ്ട്. ഇപ്പോഴും ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി അടക്കിവാഴുന്നത് ചൈനീസ് കമ്പനികള്‍ തന്നെ.
ചൈനയുടെ റിയല്‍മി ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ രാജ്യത്ത് വിറ്റഴിച്ചത് 83 ലക്ഷം ഉല്‍പ്പന്നങ്ങളാണ്. അവയില്‍ 63 ലക്ഷവും സ്മാര്‍ട്ട് ഫോണുകള്‍. കഴിഞ്ഞ വര്‍ഷത്തെ ഉത്സവ സീസണിലേതിനേക്കാള്‍ 20 ശതമാനം അധികമാണിത്. മറ്റൊരു ചൈനീസ് ബ്രാന്‍ഡായ വിവൊയുടെ വില്‍പ്പന ഇക്കാലയളവില്‍ 25 ശതമാനം വര്‍ധിച്ചതായി കമ്പനി അവകാശപ്പെടുന്നു.
ഇന്ത്യന്‍ വിപണിയില്‍ മുന്നിലായിരുന്ന ഷവോമിക്ക് സെപ്തംബറില്‍ പിന്നോക്കം പോയെങ്കിലും ഒക്ടോബര്‍-നവംബറില്‍ 90 ലക്ഷം സ്മാര്‍ട്ട് ഫോണുകള്‍ വിറ്റഴിച്ച് കരുത്തറിയിച്ചു. ഉത്സവ കാലയളവില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15-20 ശതമാനം അധികം വില്‍പ്പന നേടിയെന്ന് കമ്പനി അവകാശപ്പെടുന്നു.
ചൈനയുമായുള്ള അതിര്‍ത്തി പ്രശ്നം പുകഞ്ഞു കൊണ്ടിരിക്കേ ചൈനീസ് കമ്പനികള്‍ക്കെതിരെ വന്‍തോതിലുള്ള എതിര്‍പ്പാണ് ഉണ്ടായിരുന്നത്. ഇതിന്റെ ഫലമായി സെപ്തംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ ഷവോമിയെ പിന്തള്ളി, ദക്ഷിണകൊറിയന്‍ ബ്രാന്‍ഡായ സാംസംഗ് വില്‍പ്പനയില്‍ മുന്നിലെത്തുകയും ചെയ്തിരുന്നു. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 73 ശതമാനമുണ്ടായിരുന്ന ചൈനീസ് സ്മാര്‍ട്ട് ഫോണുകളുടെ വിപണി പങ്കാളിത്തം തൊട്ടടുത്ത പാദത്തില്‍ 66 ശതമാനമായി. സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ അത് വീണ്ടും 64 ശതമാനമായി കുറയുകയും ചെയ്തു.
എന്നാല്‍ വിപണി പങ്കാളിത്തം കുറയുമ്പോഴും ചൈനീസ് കമ്പനികള്‍ക്ക് മികച്ച ഫാന്‍ ബേസ് ഉണ്ടായിരുന്നു. ആകര്‍ഷകമായ വിലയും ഫോണുകളിലെ ഫീച്ചറുകളും ഉപഭോക്തൃ സേവനവുമൊക്കെ അവരെ ഉപഭോക്താക്കളുമായി അടുപ്പിച്ചു. ഒക്ടോബര്‍ 30 ന് ടെക് എആര്‍സി എന്ന സ്ഥാപനം നടത്തിയ പഠനത്തില്‍, ബ്രാന്‍ഡ് ക്വാളിറ്റി ഇന്‍ഡെക്സില്‍ ആപ്പ്ളിനെയും സാംസംഗിനേയും പിന്തള്ളി ചൈനീസ് ബ്രാന്‍ഡുകളായ വണ്‍ പ്ലസും റിയല്‍മിയും മുന്നിലെത്തിയതായി കണ്ടെത്തി.