
ഡല്‍ഹി: ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കള്‍ വന്‍ ഡിസ്‌കൗണ്ടുകളും ഓണ്‍ലൈന്‍ ഓഫറുകളും വെച്ച് ഇന്ത്യന്‍ വിപണിയില്‍ മുന്നേറുന്ന വേളയിലാണ് രാജ്യത്തേക്ക് വന്‍ നിക്ഷേപം നടത്താനും ഇവര്‍ നീക്കം നടത്തുന്നുവെന്ന വാര്‍ത്തയും പുറത്ത് വരുന്നത്. രാജ്യത്തെ ഷിപ്പ്‌മെന്റ് കണക്കുകള്‍ വര്‍ധിക്കുകയും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വേളയിലും സ്മാര്‍ട്ട് ഫോണ്‍ വിപണി വര്‍ധിക്കുകയും ചെയ്തതോടെയാണ് വന്‍ നിക്ഷേപം നടത്താന്‍ കമ്പനികള്‍ തീരുമാനിച്ചിരിക്കുന്നത്.
രാജ്യത്ത് എഫ്എംസിജി മുതല്‍ വാഹന വിപണിയില്‍ വരെ ഇടിവ് നേരിടുന്ന വേളയില്‍ സ്മാര്‍ട്ട് ഫോണുകള്‍ക്ക് മികച്ച വില്‍പനയാണ് നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഈ വേളയിലാണ് ചൈനീസ് കമ്പനികള്‍ വന്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നത്. ജൂണിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്ന അഞ്ച് സ്മാര്‍ട്ട് ഫോണുകള്‍ ചൈനയില്‍ നിന്നുള്ളതാണ്.
ബ്രാന്‍ഡുകളും വിറ്റഴിക്കപ്പെടുന്ന ശതമാനവും: ഷവോമി (28.3 ശതമാനം), വിവോ (15.1 ശതമാനം), ഒപ്പോ (9.7 ശതമാനം), റിയല്‍മീ (7.7 ശതമാനം). സൗത്ത് കൊറിയന്‍ കമ്പനിയായ സാംസങിന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 25.3 ശതമാനമാണ് വില്‍പനയുള്ളത്. 2015ല്‍ ഒരു ഉല്‍പാദന യൂണിറ്റുമായി ആരംഭിച്ച ഷവോമിയ്ക്ക് ഇപ്പോള്‍ ഏഴ് ഉല്‍പാദന യൂണിറ്റുകളാണ് ഇന്ത്യയിലുള്ളത്. മാത്രമല്ല ആഗോള തലത്തില്‍ നിന്നുള്ള ഉപകരണ വിതരണക്കാരുമായി യുപിയിലേക്കും ആന്ധ്രാപ്രദേശും മൂന്നു ദിവസത്തെ ടൂറും സംഘടിപ്പിച്ചിരുന്നു.
ജൂണിലെ കണക്കുകള്‍ പ്രകാരം ഷവോമിയുടെ ഷിപ്പ്‌മെന്റ് 4.8 ശതമാനമായി വര്‍ധിച്ച് 10.4 മില്യണ്‍ യൂണിറ്റായി ഉയര്‍ന്നുവെന്നും സെപ്റ്റംബറില്‍ ഉത്സവ സീസണ്‍ ആരംഭിക്കുമ്പോള്‍ വിപണി വര്‍ധിക്കുമെന്നാണ് കരുതുന്നതെന്നും കമ്പനി വ്യക്തമാക്കി. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഉല്‍പാദനം വര്‍ധിപ്പിക്കാനും ഇവിടെ നിന്നുള്ള കയറ്റുമതി ശക്തമാക്കുന്നതിനും 7500 കോടി രൂപ നിക്ഷേപിക്കുമെന്ന് ചൈനീസ് കമ്പനിയായ വിവോ വ്യക്തമാക്കി.
2020തോടെ ഉല്‍പാദനം ഇരട്ടിയാക്കി പ്രതിവര്‍ഷം 100 മില്യണ്‍ സ്മാര്‍ട്ട് ഫോണുകള്‍ നോയിഡാ പ്ലാന്റില്‍ നിര്‍മ്മിക്കാനാണ് നീക്കമെന്ന് സ്മാര്‍ട്ട്‌ഫോണ്‍ ഭീമനായ ഒപ്പോയും അറിയിച്ചിരുന്നു.