
മൊബൈല്‍ ഫോണ്‍ മുതല്‍ കാറുകള്‍ വരെയുള്ളവയുടെ നിര്‍മാണം മന്ദഗതിയില്‍. ആഗോളതലത്തില്‍ സെമികണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം രൂക്ഷമായതാണ് മന്ദഗതിയുടെ കാരണം. കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം തുടക്കത്തോടെ ഫാക്ടറികള്‍ അടച്ചിടാന്‍ നിര്‍ബന്ധിതരായതോടെ ഇലക്ട്രോണിക് ഉപകരണ ഉല്‍പാദനമേഖലയില്‍ ചിപ്പ് ക്ഷാമം രൂക്ഷമായിരുന്നു. കോവിഡാനന്തരം ചിപ്പ് ഉല്‍പ്പാദനം പുനരാരംഭിച്ചെങ്കിലും മുന്‍കാല ഓര്‍ഡറുകള്‍ പൂര്‍ത്തിയാക്കുന്നതിന് ഉല്‍പ്പാദക കമ്പനികള്‍ വെല്ലുവിളി നേരിടുന്നു. ഇന്ത്യയടക്കം പല രാജ്യങ്ങളിലും ചില വാഹന മോഡലുകളുടെ വിതരണം ചിപ്പുകളുടെ കുറവുമൂലം തടസ്സപ്പെട്ടിരുന്നു. കോവിഡിനെ തുടര്‍ന്ന് ഫാക്ടറികള്‍ അടച്ചിട്ടതോടെ ഉല്‍പാദനം പൂര്‍ണമായും സ്തംഭിച്ചതാണ് ഇതിന് കാരണം. നിലവിലെ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് വാഹന വിലയില്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കേണ്ടിവരുമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ സൂചിപ്പിച്ചിരുന്നു.
കഴിഞ്ഞ ആഴ്ചയോടെ പ്രതിസന്ധി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്നും, ചിപ്പുകളുടെ ലഭ്യത കുറവുമൂലം വാഹന നിര്‍മ്മാണ ഫാക്ടറികള്‍ ഉല്‍പാദനം നിര്‍ത്തിവെക്കുന്നതായും വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യന്നു. ജനറല്‍ മോട്ടോഴ്‌സും, ഫോര്‍ഡും തങ്ങളുടെ വടക്കേ അമേരിക്കന്‍ ഫാക്ടറികളില്‍ ഉല്‍പാദനം കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഒരാഴ്ചയോളം സൂയസ് കനാലിലുണ്ടായ ഗതാഗത തടസ്സം ഏഷ്യയില്‍ നിന്നും യൂറോപ്പിലേക്കുള്ള ചരക്ക് നീക്കത്തെ പ്രതികൂലമായി ബാധിച്ചതും, യൂറോപ്യന്‍ രാജ്യങ്ങളില്‍ ചിപ്പുകളുടെ ലഭ്യത കുറവിന് ആക്കംകൂട്ടി. ലോകത്ത് കമ്പ്യൂട്ടര്‍ ചിപ്പുകളുടെ ഉല്‍പാദനം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് ഏഷ്യന്‍ രാജ്യങ്ങളിലാണ്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ വിദ്യാഭ്യാസ മേഖലയേയും തൊഴില്‍ മേഖലയേയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലേക്കെത്തിച്ചതോടെ ഇലക്ട്രോണിക് ഡിവൈസുകള്‍ക്ക് മുമ്പെങ്ങുമില്ലാത്ത ആവശ്യകതയാണ് വന്നത്. ഇത് ചിപ്പ് പ്രതിസന്ധി രൂക്ഷമാക്കി. പ്രമുഖ ഇലക്ട്രോണിക് കമ്പനിയായ ആപ്പിളിനു പോലും തങ്ങളുടെ ജനപ്രിയ ഉല്‍പന്നമായ ഐഫോണ്‍ 12 ന്റെ റിലീസ് നീട്ടിവെക്കേണ്ടിവന്നു. കോവിഡ് കാലത്ത് വിദ്യാര്‍ത്ഥികള്‍ ഏറെ ആശ്രയിച്ച ലാപ്‌ടോപ്പുകള്‍ക്കും നോട്ട്ബുക്കുകള്‍ക്കും വിപണിയില്‍ ലഭ്യത കുറവുണ്ടായതും, ആവശ്യക്കാര്‍ ഏറെയുള്ള 'പ്ലേസ്റ്റേഷന്‍ 5' പോലെയുള്ള ഏറ്റവും പുതിയ വീഡിയോ ഗെയിം കണ്‍സോളുകളുടെ വിപണിയെയും ചിപ്പ് ക്ഷാമം കാര്യമായി ബാധിച്ചു.
പുറത്തുവന്ന കണക്കുകളനുസരിച്ച് 600 കോടി ഡോളറിന്റെ വില്‍പ്പന നഷ്മുണ്ടാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഫോര്‍ഡ്,ജനറല്‍ മോട്ടോഴ്‌സ്, ഫിയറ്റ് ക്രിസ്റ്റ്ലര്‍(സ്റ്റെല്ലാന്‍ഡിസ്) എന്നീ കാര്‍ കമ്പനികളെയാണ് ചിപ്പ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചത്. 2011ല്‍ ഉണ്ടായ സുനാമിക്ക് ശേഷം ഇത്തരം പ്രതിസന്ധികളെ നേരിടാന്‍ സജ്ജമായാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ജപ്പാന്‍ കാര്‍ നിര്‍മാണ കമ്പനിയായ ടൊയോട്ട അവകാശപ്പെടുന്നു. ചിപ്പ് ലഭ്യത പൂര്‍വ്വസ്ഥിതിയിലെത്താന്‍ ജൂലൈ വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് കമ്പനികള്‍ വിലയിരുത്തുന്നത്.
ലോകത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് നിര്‍മാണ കമ്പനികളിലൊന്നായ സാംസങ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിര്‍മാണത്തെ ചിപ്പ് ക്ഷാമം പ്രതികൂലമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ നിര്‍മാണത്തിലും വിതരണത്തിലും തുടരുന്ന പ്രതിസന്ധി ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ പ്രതീക്ഷിക്കണമെന്നാണ് സാംസങ് സിഇഒ കോ സോങ്ങ് ജിന്‍ ഓഹരി ഉടമകളോട് വ്യക്തമാക്കിയത്.