
രാജ്യത്തെ വാഹനമേഖലയിലെയും ഉപഭോക്തൃ ഇലക്ട്രോണിക്സ് മേഖലയിലെയും പ്രതിസന്ധി ജൂണ്‍ വരെ തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യാന്തര തലത്തില്‍ തുടരുന്ന ചിപ്പ് ക്ഷാമം, വാഹന ഘടകങ്ങളുടെ ലഭ്യത കുറവ്, ചരക്കു നീക്കത്തിലെ തടസങ്ങള്‍ എന്നിവ വിപണികളെ പ്രതികൂലമാക്കുന്നുണ്ട്. ജൂണ്‍പാദം വരെ കാറുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ടെലിവിഷനുകള്‍, റഫ്രിജറേറ്ററുകള്‍ എന്നിവയ്ക്കുള്ള ആവശ്യകത നിറവേറ്റാന്‍ കമ്പനികള്‍ക്കു സാധിച്ചെന്നു വരില്ല. തല്‍ഫലമായി വില ഉയര്‍ന്നേക്കാമെന്നു സാരം.
വാഹന മേഖലയിലെ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് കൊവിഡ് എത്തിയത്. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ കൈവിട്ടു. രൂക്ഷമായ ചിപ്പ് ക്ഷാമത്തെ തുടര്‍ന്നു നിലവിലെ ആവശ്യകതകള്‍ നിറവേറ്റാന്‍ തന്നെ വാഹനമേഖല കഷ്ടപ്പെടുകാണ്. പുതിയ മോഡലുകളുടെ അവതരണവും നിര്‍മാണവും മിക്ക കമ്പനികളും അടുത്ത വര്‍ഷത്തേയ്ക്ക് മാറ്റിയതായാണ് സൂചന. ചിപ്പ് നിര്‍മാണവും വിതരണവും ജൂണ്‍പാദത്തോടെ താളത്തിലെത്തുമെന്നാണു വിലയിരുത്തല്‍. അതേസമയം കൊവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ നേരയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. യു.കെയിലടക്കം ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നു. ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദത്തിന്റെ അത്രയും അപകടകാരി അല്ലെങ്കില്‍ പോലും തീവ്ര വ്യാപന ശേഷിയുണ്ടെന്നാണു ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്.
മിക്ക കമ്പനികളുടെയും വരുമാനം ഇക്കൊല്ലം വലിയ രീതിയില്‍ ഇടിഞ്ഞിട്ടുണ്ട്. ഉല്‍പ്പാദനം വര്‍ധിക്കുന്നതോടെ നഷ്ടം നികത്താനാകുമെന്ന ശുഭപ്രതീക്ഷയിലാണ് ഇവര്‍. 2021ല്‍ കാര്‍ നിര്‍മാതാക്കളുടെ നഷ്ടം ഏകദേശം 500 കോടി ഡോളറാണ്. അതായത് വാഹന ഔട്ട്പുട്ടിന്റെ ഏകദേശം 20 ശതമാനം. ഇത് അടുത്ത വര്‍ഷത്തോടെ 10 ശതമാനമായി കുറയുമെന്നാണു വിലയിരുത്തല്‍. ചിപ്പ് ക്ഷാമം മൂലം രാജ്യത്തെ ചെറുകിട കാര്‍ നിര്‍മാണത്തില്‍ പകുതിയോളം ഇടിവുണ്ടായതായി രാജ്യാന്തര വാഹന വിവര- വിശകലന വിദഗ്ധരായ ഐ.എച്ച്.എസ്. മാര്‍ക്കിറ്റിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ഗൗരവ് വംഗാല്‍ വ്യക്തമാക്കി.
കൊവിഡിനെ തുടര്‍ന്നു കഴിഞ്ഞ ഒരു വര്‍ഷമായി വാഹന, ഇലക്ട്രോണിക്സ് മേഖലകളില്‍ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് പ്രകടമാണ്. ഇതുമൂലം മാത്രം അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ 40 - 100 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ലോജിസ്റ്റിക്സ് ചെലവും കൊവിഡിനു മുമ്പുള്ളതിനേക്കാള്‍ ആറു മടങ്ങോളം വര്‍ധിച്ചു. മഹാമാരി സമയത്ത് വര്‍ക്ക് ഫ്രം ഹോമും, ജീവിതശൈലിയും മാറിയതോടെ ആളുകള്‍ വില കൂടിയ ഉല്‍പ്പന്നങ്ങളും കാറുകളും അമിതമായി വാങ്ങാന്‍ തുടങ്ങിയെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആവശ്യകത വര്‍ധിച്ചതോടെ ക്ഷാമം വര്‍ധിച്ചു.