ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമായി കൊച്ചി

January 31, 2022 |
|
News

                  ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമായി കൊച്ചി

കൊച്ചി: ഡിസംബറിലും രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ സിയാല്‍ ദേശീയാടിസ്ഥാനത്തില്‍ മൂന്നാമതെത്തി. ഇതോടെ 2021 വര്‍ഷം മുഴുവനും സിയാലിന് മൂന്നാം സ്ഥാനം നിലനിര്‍ത്താനായി. കോവിഡ് കാലത്ത് സുരക്ഷിത യാത്രയൊരുക്കാന്‍ ഏര്‍പ്പെടുത്തിയ പരിഷ്‌ക്കാരങ്ങളും സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളും നെടുമ്പാശേരി വിമാനത്താവളത്തിന് തുണയായി.

എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കണക്കനുസരിച്ച് 2021 ഡിസംബറില്‍ 3,01,338 രാജ്യാന്തര യാത്രക്കാരാണ് നെടുമ്പാശേരി വഴി കടന്നുപോയത്. 2021ല്‍ സിയാലിലൂടെ മൊത്തം 43,06,661 പേര്‍ കടന്നുപോയി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10 ലക്ഷം യാത്രക്കാരുടെ വര്‍ധനവ്. ഇതില്‍ 18,69,690 പേര്‍ രാജ്യാന്തര യാത്രക്കാരാണ്. കോവിഡ് സമയത്ത് സുരക്ഷിത യാത്രയൊരുക്കാന്‍ സിയാല്‍ മാനേജ്‌മെന്റ് നടത്തിയ ശ്രമങ്ങളുടെ വിജയമാണ് സുസ്ഥിരമായ ട്രാഫിക് വളര്‍ച്ചയുണ്ടാക്കാന്‍ സഹായകമായതെന്ന് മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ് പറഞ്ഞു.

യുകെയിലേയ്ക്ക് നേരിട്ട് സര്‍വീസ് തുടങ്ങാനായി. ഡിസംബറില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ്  കൊച്ചി സര്‍വീസ് പുനരാരംഭിച്ചു. ജനുവരിയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് മലേഷ്യയിലേയ്ക്കും സര്‍വീസ് തുടങ്ങി. ഇനി ബാങ്കോക്ക് സര്‍വീസാണ് തുടങ്ങാനുള്ളത്. അതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായി സുഹാസ് പറഞ്ഞു.

ഡിസംബറില്‍ ഇന്ത്യന്‍ വിമാനത്താവളങ്ങള്‍ 2.512 കോടി യാത്രക്കാര്‍ക്ക് സേവനമൊരുക്കി. നവംബറില്‍ 2.32 കോടിയും ഒക്ടോബറില്‍- 1.96 കോടിയും സെപ്തംബറില്‍ -1.42 കോടിയും യാത്രക്കാരാണ് ഇന്ത്യയിലെ വിമാനത്താവളങ്ങളിലൂടെ കടന്നുപോയത്. ഡിസംബറിലെ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം ഡല്‍ഹി വിമാനത്താവളത്തിനാണ് . 8,42,582 യാത്രക്കാര്‍. മുംബൈയാണ് രണ്ടാം സ്ഥാനത്ത്.

Read more topics: # സിയാല്‍, # CIAL,

Related Articles

© 2025 Financial Views. All Rights Reserved