
കൊച്ചി: അടച്ചിടലിന്റെ 7-ാം മാസം സിനിമ തിയറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും കേരളത്തില്‍ എന്നു തുറക്കുമെന്ന് തീരുമാനമായില്ല. മാര്‍ച്ച് 11 മുതല്‍ തിയറ്ററുകള്‍ അടഞ്ഞു കിടക്കുകയാണ്. കുറഞ്ഞ സീറ്റുകളുമായി തിയറ്ററുകള്‍ തുറക്കുന്നതു നഷ്ടമാകുമോയെന്ന ആശങ്കയ്ക്കു പുറമേ, വിനോദ നികുതി പോലുള്ള അധിക ബാധ്യതകളും തിയറ്റര്‍ ഉടമകളുടെ ചുമലിലുണ്ട്.
ജിഎസ്ടിക്കു പുറമേ സംസ്ഥാനം ഏര്‍പ്പെടുത്തിയ വിനോദ നികുതി പിന്‍വലിക്കണമെന്ന ചലച്ചിത്ര വ്യവസായ മേഖലയുടെ ആവശ്യത്തോടു സര്‍ക്കാര്‍ ഇനിയും അനുകൂല നിലപാടു സ്വീകരിച്ചിട്ടില്ല. നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തിയറ്റര്‍ ഉടമകളുടെയും കൂട്ടായ്മയായ കേരള ഫിലിം ചേംബര്‍ ഇതേ ആവശ്യം ഉന്നയിച്ച് ഇന്നലെ മുഖ്യമന്ത്രിക്കു വീണ്ടും നിവേദനം നല്‍കി. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സംരക്ഷണ പാക്കേജ് ആവശ്യപ്പെട്ടു ചേംബര്‍ മേയ് 6 നു മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായിരുന്നില്ല. വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് ഇളവും വിനോദ നികുതി ഒഴിവാക്കലും ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണു ചേംബര്‍ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കു സമര്‍പ്പിച്ചിട്ടുള്ളത്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒക്ടോബര്‍ 15 മുതല്‍ നിയന്ത്രണങ്ങളോടെ തിയറ്ററുകള്‍ തുറക്കാനാണു കേന്ദ്ര സര്‍ക്കാര്‍ അനുമതി. സാമൂഹിക അകലം പാലിക്കുന്നതിനായി സീറ്റുകളുടെ എണ്ണം കുറയ്‌ക്കേണ്ടിവരും. എന്നാല്‍, നടത്തിപ്പു ചെലവില്‍ കുറവുണ്ടാകുകയുമില്ല. വിനോദ നികുതി മൂലം ടിക്കറ്റ് നിരക്കുകളിലും വര്‍ധനയുണ്ടാകും. ഫലത്തില്‍, വിനോദ നികുതിയെങ്കിലും ഒഴിവാക്കാതെ തിയറ്ററുകള്‍ തുറക്കുന്നതു ലാഭകരമാകില്ലെന്നാണ് ആശങ്കം. വിനോദ നികുതി പിന്‍വലിക്കാതെ പുതിയ സിനിമകള്‍ റിലീസ് ചെയ്യില്ലെന്നു ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ഇന്നു യോഗം ചേരും.