
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വര്‍ഷമായി അടച്ചിട്ട സിനിമാ തീയറ്ററുകള്‍ ജനുവരി അഞ്ച് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ആയിരക്കണക്കിന് ആളുകളുടെ ജീവിതമാണ് പ്രതിസന്ധിയിലായത്. ഇത് കണക്കിലെടുത്താണ് തിയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സിനിമാ തിയറ്ററുകള്‍ ചൊവ്വാഴ്ച തുറക്കുമ്പോള്‍ ക്യൂ നില്‍ക്കുന്നതു 85 മലയാളം സിനിമകള്‍. കൃത്യം 9 മാസമാണു കേരളത്തിലെ തിയറ്ററുകള്‍ പൂട്ടിക്കിടന്നത്. കേരളത്തില്‍ 670 സ്‌ക്രീനുകളാണുള്ളത്. ഇതിനകം എല്ലാ ജോലിയും പൂര്‍ത്തിയാക്കി റിലീസിനു കാത്തിരിക്കുന്നതു 85 സിനിമകളാണ്. ഷൂട്ടിങ്ങും മറ്റു ജോലിയുമായി പുരോഗമിക്കുന്നതു 35 സിനിമകളും. ഉടന്‍ തുടങ്ങാന്‍ തയാറായി 28 സിനിമകളുമുണ്ട്. പൂര്‍ത്തിയാക്കിയ വന്‍ ബജറ്റ് സിനിമകള്‍ ഉടന്‍ റിലീസിനെത്തില്ല.
മോഹന്‍ലാലിന്റെ മരയ്ക്കാര്‍, മമ്മൂട്ടിയുടെ വണ്‍, പ്രീസ്റ്റ്, ഫഹദ് ഫാസിലിന്റെ മാലിക്, ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് എന്നിവയെല്ലാം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ റിലീസ് ചെയ്യുമെന്നാണ് സൂചന. ജയസൂര്യ നായകനായ വെള്ളം എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളും സന്നദ്ധത അറിയിച്ചിട്ടുണ്ട്. മറ്റു റിലീസുകള്‍ നിര്‍മാതാക്കളുടേയും വിതരണക്കാരുടേയും തിയറ്റര്‍ ഉടമകളുടേയും പൊതുവേദി തീരുമാനിക്കും. മാത്രമല്ല, നികുതി, വൈദ്യുതി ബാധ്യത സംബന്ധിച്ച ആനുകൂല്യങ്ങളും തിയറ്റര്‍ തുറക്കും മുന്‍പു തീരുമാനിക്കേണ്ടിവരും.
50% സീറ്റുകളുമായി തിയറ്റര്‍ തുറന്നാലും ഉടമകള്‍ക്കു അതു നടത്തിക്കൊണ്ടു പോകുക എളുപ്പമല്ല. വൈദ്യുതി ബില്ലില്‍ ആനുകൂല്യം നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ശരാശരി 6 ലക്ഷം രൂപ വൈദ്യുത ബില്‍ കുടിശിക ഓരോ തിയറ്ററിനും വരും. വരുമാനമില്ലാത്ത സമയത്തെ ബില്ലാണിത്. പൂട്ടിക്കിടന്ന കാലത്തു തിയറ്റര്‍ കേടുവരാതെ സൂക്ഷിക്കുന്നതിനു 10 ലക്ഷത്തോളം രൂപ ഓരോ തിയറ്റര്‍ ഉടമയ്ക്കും ചെലവായിട്ടുണ്ട്. പകുതി സീറ്റുകളിലെ ആളുകളെ ഇരുത്താനും കഴിയൂ. ഇതുകൊണ്ടു തിയറ്റര്‍ സാമ്പത്തിക ബാധ്യതയില്ലാതെ മുന്നോട്ടു കൊണ്ടുപോകാനാകില്ല.
തിയറ്ററുകള്‍ ചൊവ്വാഴ്ച തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി ലഭിച്ചെങ്കിലും അന്നു തന്നെ പ്രദര്‍ശനം ആരംഭിക്കാന്‍ സാധ്യത കുറവ്. പുതിയ ചിത്രങ്ങളുടെ ലഭ്യത, തിയറ്ററുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചു സജ്ജമാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ വ്യക്തത വന്ന ശേഷമേ വ്യാപകമായ തോതില്‍ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കാന്‍ സാധ്യതയുള്ളൂ.