
സിറ്റി ഗ്രൂപ്പിന് ബുധനാഴ്ച്ച സംഭവിച്ച 'കൈയബദ്ധം' കാരണം 90 കോടി ഡോളര്‍ (900 മില്യണ്‍) നഷ്ടമായി. അമേരിക്കയിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക സ്ഥാപനമാണ് സിറ്റി ഗ്രൂപ്പ് ഇന്‍കോര്‍പ്പറേഷന്‍. എന്നാല്‍ 90 കോടി ഡോളര്‍ (ഏകദേശം 6,800 കോടി രൂപ) ബാങ്കിന് ചില്ലറ തുകയല്ല.
ബുധനാഴ്ച്ച ന്യൂയോര്‍ക്ക് ശാഖയില്‍ നിന്നുമാണ് വീഴ്ച്ച സംഭവിച്ചത്. വായ്പാ വിഭാഗം ജീവനക്കാരന് സംഭവിച്ച 'ക്ലറിക്കല്‍ പിഴവ്' കാരണം കടത്തില്‍ മുങ്ങിയ റെവ്ലോണ്‍ ഇന്‍കോര്‍പ്പറേഷന്റെ പേരില്‍ 90 കോടി ഡോളര്‍ സിറ്റി ഗ്രൂപ്പ് അടച്ചുതീര്‍ത്തു. അമേരിക്കന്‍ ബാങ്കറും ബിസിനസുകാരനുമായ കോടിപതി റോണാള്‍ഡ് പെരല്‍മാനാണ് റെവ്ലോണിന്റെ ഉടമ.
പിഴവ് മൂലം റെവ്ലോണിന് കടക്കാര്‍ക്ക് സിറ്റി ഗ്രൂപ്പ് സ്വന്തം കയ്യില്‍ നിന്നും കാശെടുത്ത് നല്‍കുകയായിരുന്നു. എന്തായാലും പണം തിരിച്ചുകിട്ടാനായി നിയമസഹായം ബാങ്ക് തേടിയിട്ടുണ്ട്. പണം കൈമാറിയത് പിഴവ് മൂലമാണെന്ന് ചൂണ്ടിക്കാട്ടി റെവ്ലോണിന്റെ കടക്കാരോട് പണം തിരിച്ചുസമര്‍പ്പിക്കണമെന്ന് സിറ്റി ഗ്രൂപ്പ് ആവശ്യപ്പെട്ടു കഴിഞ്ഞു. ഇതില്‍ പലരും ബാങ്കിന് പണം തിരിച്ചു നല്‍കി. ചിലര്‍ പണം തിരികെ സമര്‍പ്പിക്കാന്‍ വിമുഖത കാട്ടുന്നുമുണ്ട്. പണം തിരിച്ചു തരാന്‍ മടിക്കുന്ന 12 സ്ഥാപനങ്ങള്‍ക്ക് എതിരെ സിറ്റി ഗ്രൂപ്പ് കോടതിയില്‍ പരാതി നല്‍കിക്കഴിഞ്ഞതായാണ് വിവരം.
നഷ്ടപ്പെട്ട പണത്തില്‍ ഒരു ഭാഗം തിരിച്ചുകിട്ടി. ഏകദേശം 500 കോടി ഡോളര്‍ ഇനിയും തിരിച്ചുകിട്ടാനുണ്ട്. പണം തിരിച്ചുതരാന്‍ മടിക്കുന്നവര്‍ക്ക് എതിരെ സിറ്റി ഗ്രൂപ്പ് നിയമനടപടിയെടുക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ ബാങ്ക് വ്യക്തമാക്കി. കോടതി ഉത്തരവ് പ്രകാരം സിറ്റി ഗ്രൂപ്പിന് തിരികെ കിട്ടാനുള്ള ഫണ്ടുകള്‍ ഇപ്പോള്‍ മരവിപ്പിച്ചിരിക്കുകയാണ്. നിയമം ഞങ്ങളുടെ ഭാഗത്താണ്. കുടിശ്ശികയുള്ള ഫണ്ടുകള്‍ വീണ്ടെടുക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു, പ്രസ്താവനയില്‍ ബാങ്ക് അറിയിച്ചു.
കടക്കാരുടെ ആവശ്യം
നേരത്തെ, അനുമതി കൂടാതെ സാമ്പത്തിക ഘടന പുനഃക്രമീകരിച്ചതു ചൂണ്ടിക്കാട്ടി റെവ്ലോണിന് എതിരെ യുഎംബി ഫൈനാന്‍ഷ്യല്‍ കോടതിയില്‍ കേസ് കൊടുത്തിരുന്നു. ബ്രിഡ്ജ് ക്യാപിറ്റല്‍ മാനേജ്മെന്റ്, എച്ച്പിഎസ് തുടങ്ങിയ നിക്ഷേപക പങ്കാളികള്‍ക്ക് റെവ്ലോണിന്റെ നടപടിയില്‍ കടുത്ത അതൃപ്തിയുണ്ട്. ഇതാണ് കേസിലേക്ക് നയിച്ചതും. കൊവിഡ് പ്രതിസന്ധിയില്‍ കച്ചവടം തകര്‍ന്ന സൗന്ദര്യവര്‍ധക ബ്രാന്‍ഡായ റെവ്ലോണ്‍ ആസ്തികളെല്ലാം കടക്കാരുടെ പരിധിക്ക് മുകളിലേക്ക് മാറ്റുകയാണുണ്ടായത്. ഇതോടെ കടബാധ്യത എത്രയുംപെട്ടെന്ന് അടച്ചുതീര്‍ക്കണമെന്നായി കടക്കാരും.
ഇതിനിടയിലാണ് പിഴവ് സംഭവിച്ച് റെവ്ലോണിന്റെ കടക്കാരുടെ അക്കൗണ്ടിലേക്ക് സിറ്റി ഗ്രൂപ്പ് പണം കൈമാറിയത്. എന്തായാലും യുഎംബി കൊടുത്ത പരാതിയെ നിയമപരമായി നേരിടുമെന്ന് റെവ്ലോണ്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ 3 ബില്യണ്‍ ഡോളറോളമാണ് റെവ്ലോണിന്റെ കടബാധ്യത. വില്‍പ്പന തകര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ ബിസിനസ് സംരക്ഷിക്കാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് റെവ്ലോണ്‍.