ഇടപാടുകാരുടെ ഫണ്ട് ദുരുപയോഗം ചെയ്തു; 30 സ്റ്റോക്ക് ബ്രോക്കര്‍ കമ്പനികളെ പുറത്താക്കി എന്‍എസ്ഇ

April 05, 2022 |
|
News

                  ഇടപാടുകാരുടെ ഫണ്ട് ദുരുപയോഗം ചെയ്തു; 30 സ്റ്റോക്ക് ബ്രോക്കര്‍ കമ്പനികളെ പുറത്താക്കി എന്‍എസ്ഇ

ന്യൂഡല്‍ഹി: ഇടപാടുകാരുടെ ഫണ്ട് ദുരുപയോഗം ചെയ്തതിന് 30 സ്റ്റോക്ക് ബ്രോക്കര്‍ കമ്പനികളെ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍എസ്ഇ) പുറത്താക്കി. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കമ്പനികള്‍ നടത്തിയ ക്രമക്കേടുകളാണ് നീക്കത്തിന് പിന്നില്‍. മോഡെക്സ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റീസ്, കാര്‍വി സ്റ്റോക്ക് ബ്രോക്കിംഗ് എന്നിവയുള്‍പ്പെടെയുള്ള കമ്പനികളെയാണ് പുറത്താക്കിയത്. എന്‍എസ്ഇ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ബ്രോക്കര്‍മാര്‍ കൃത്യമായി പാലിക്കാതിരുന്ന പശ്ചാത്തലത്തില്‍, 2017 ജൂലൈയ്ക്കും 2022 മാര്‍ച്ചിനും ഇടയിലാണ് എക്സ്ചേഞ്ച് ഇത്രയധികം കമ്പനികളെ പുറത്താക്കിയത്.

എന്‍എസ്ഇയില്‍ ഇവര്‍ക്കുണ്ടായിരുന്ന അംഗത്വം പൂര്‍ണമായും റദ്ദാക്കി. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന് 400-ലധികം സ്റ്റോക്ക് ബ്രോക്കര്‍മാര്‍ക്കെതിരെ എന്‍എസ്ഇ പിഴ ചുമത്തുകയും 700-ലധികം സ്റ്റോക്ക് ബ്രോക്കര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. മോഡെക്സ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റീസ്, കാര്‍വി സ്റ്റോക്ക് ബ്രോക്കിംഗ് എന്നിവയ്ക്ക് പുറമേ, അനുഗ്രഹ സ്റ്റോക്ക് & ബ്രോക്കിംഗ്, ഫെയര്‍വെല്‍ത്ത് സെക്യൂരിറ്റീസ്, കെയ്നെറ്റ് ഫിനാന്‍സ്, ബിഎംഎ വെല്‍ത്ത് ക്രിയേറ്റേഴ്സ്, അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സിഎം ഗോയങ്ക സ്റ്റോക്ക് ബ്രോക്കേഴ്സ്, ഓംകാം ക്യാപിറ്റല്‍ മാര്‍ക്കറ്റുകള്‍ എന്നീ കമ്പനികളേയും എന്‍എസ്ഇ പുറത്താക്കിയിരുന്നു.

2019 മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിനിടയിലെ അന്വേഷണത്തില്‍, ക്ലയന്റ് ഫണ്ടുകളുടെയും സെക്യൂരിറ്റികളുടെയും ദുരുപയോഗം, മൊത്തം ആസ്തി കണക്കുകളിലെ കൃത്രിമം, ക്ലയന്റ് അക്കൗണ്ടുകളില്‍ സെറ്റില്‍മെന്റ് ചെയ്യാതിരിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തി 2020 സെപ്റ്റംബറിലാണ് എക്സ്ചേഞ്ച് മോഡെക്സ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റീസിനെ എന്‍എസ്ഇ പുറത്താക്കിയത്. കൂടാതെ, ക്ലയന്റുകളുടെ ഫണ്ടുകളും സെക്യൂരിറ്റികളും ദുരുപയോഗം ചെയ്തതിന് മോഡെക്സ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റീസിനും അതിന്റെ രണ്ട് ഡയറക്ടര്‍മാര്‍ക്കുമെതിരെ 2020 ഏപ്രിലില്‍ സെബി ഒരു ഇടക്കാല ഉത്തരവിറക്കിയിരുന്നു. പിന്നാലെ 2020 സെപ്റ്റംബറില്‍ സെബി ഇക്കാര്യത്തില്‍ സ്ഥിരീകരണ ഉത്തരവ് പാസാക്കി.

മാത്രമല്ല, മോഡെക്സ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റീസിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഒരു കേസ് നിലനില്‍ക്കുന്നുണ്ട്. 19 നിക്ഷേപകര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സ്റ്റോക്ക് ബ്രോക്കര്‍ കമ്പനികള്‍ തങ്ങളില്‍ നിന്നും 28.5 കോടി രൂപ തട്ടിയെടുത്തുവെന്നും ലാഭവിഹിതം, ബോണസ് തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള വരുമാനം നഷ്ടപ്പെടുത്തിയെന്നും ആരോപിച്ചു. ഹര്‍ജി നല്‍കിയിരിക്കുന്നവരില്‍ ഭൂരിഭാഗവും മുതിര്‍ന്ന പൗരന്മാരാണ്. തട്ടിപ്പിന്റെ മൊത്തത്തിലുള്ള വ്യാപ്തി വളരെ വലുതാണെന്നും ഏകദേശം 400 കോടി നിക്ഷേപകരില്‍ നിന്നും 300 കോടി രൂപ ഇത്തരത്തില്‍ ബ്രോക്കര്‍ കമ്പനികള്‍ തട്ടിച്ചെടുത്തിട്ടുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.

Read more topics: # എന്‍എസ്ഇ, # NSE,

Related Articles

© 2025 Financial Views. All Rights Reserved