എല്‍പിജിയ്ക്ക് പിന്നാലെ സിഎന്‍ജിയ്ക്കും വില കൂട്ടി കേന്ദ്രം

December 01, 2021 |
|
News

                  എല്‍പിജിയ്ക്ക് പിന്നാലെ സിഎന്‍ജിയ്ക്കും വില കൂട്ടി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറുകള്‍ക്ക്  വില കൂട്ടിയതിന് പിന്നാലെ സിഎന്‍ജിയ്ക്കും വില കൂട്ടി കേന്ദ്രം. ഒരു കിലോ സി എന്‍ജിയ്ക്ക്  57.54 രൂപയില്‍ നിന്നും 61.50 രൂപയായാണ് ഉയര്‍ത്തിയത്. രാജ്യത്ത് പെട്രോളും ഡീസലും വിലവര്‍ധനയില്‍ മത്സരിക്കുമ്പോഴാണ് ഇരുട്ടടിയായി വാണിജ്യ സിലിണ്ടറുകള്‍ക്കും പിന്നാലെ  സിഎന്‍ജി വിലയും കുത്തനെ കൂട്ടിയത്.

ഒരു വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് സിഎന്‍ജി വില വര്‍ദ്ധിപ്പിക്കുന്നത്.  കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ ഇത് മൂന്നാം തവണയും. ഈ വര്‍ഷം ആരംഭിക്കുമ്പോള്‍ 47.90 രൂപയായിരുന്നു സിഎന്‍ജിയുടെ വില. പ്രകൃതിവാതകത്തിന്റെ വില ആഗോളതലത്തില്‍ തന്നെ വര്‍ധിച്ചതാണ് വില കൂടാനുള്ള കാരണമായി രാജ്യത്തെ പ്രമുഖ സിഎന്‍ജി വിതരണക്കാരായ ദി മഹാനാഗര്‍ ഗ്യാസ് ലിമിറ്റഡ് (എംജിഎല്‍) പറയുന്നത്. നവംബര്‍ 26 മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നത്.  ഏറ്റവും ഒടുവില്‍ വിലകൂട്ടിയപ്പോള്‍ 7 ശതമാനമാണ് വില കൂടിയത്. 57.54 രൂപയില്‍ നിന്നാണ് 61.50 രൂപയിലെത്തിയത്. ഈ വര്‍ഷം മാത്രം 28 ശതമാനമാണ് സിഎന്‍ജി വിലയില്‍ വര്‍ധനവുണ്ടായത്.  

സിഎന്‍ജി കാറുകളുടെ വില്‍പ്പനയില്‍ വലിയ മുന്നേറ്റമുണ്ടാകുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ സിഎന്‍ജി വിലയിലും വര്‍ധനവുണ്ടാകുന്നത്. 66 ശതമാനമാണ് സിഎന്‍ജി വാഹനങ്ങളുടെ വില്‍പ്പനയില്‍ ഈ വര്‍ഷം മാത്രം വര്‍ധനവുണ്ടായത്. 1,01,412 സിഎന്‍ജി വാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഈ വര്‍ഷം സെപ്തംബര്‍ വരെ നിരത്തിലിറങ്ങിയത്.  അതേസമയം രാജ്യത്ത് വാണിജ്യ സിലിണ്ടറുകള്‍ക്കും കുത്തനെ വില കൂട്ടിയിട്ടുണ്ട്. വാണിജ്യ സിലിണ്ടറുകള്‍ക്ക് 101 രൂപയാണ് കൂട്ടിയത്.  ഇതോടെ നിലവില്‍ ഒരു സിലണ്ടറിന്റെ വില 2095.50 രൂപയായി ഉയര്‍ന്നു. നേരത്തെ നവംബര്‍ ഒന്നിന് വാണിജ്യ സിലണ്ടര്‍ വില 266 രൂപ കൂട്ടിയിരുന്നു.

Read more topics: # CNG, # സിഎന്‍ജി,

Related Articles

© 2025 Financial Views. All Rights Reserved