
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും പ്രകൃതി വാതകത്തിന്റെ വില വര്‍ധിച്ചു. ഡല്‍ഹിയില്‍ സിഎന്‍ജി കിലോഗ്രാമിന് രണ്ടര രൂപയാണ് വര്‍ധിച്ചത്. മാര്‍ച്ച് മാസം മുതല്‍ ഇതുവരെ ഡല്‍ഹിയില്‍ സിഎന്‍ജി വിലയില്‍ 15 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. നിലവില്‍ ഡല്‍ഹിയില്‍ ഒരു കിലോഗ്രാം സിഎന്‍ജിയുടെ വില 71.61 രൂപയാണ്. ഡല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്ന മറ്റു നഗരങ്ങളിലും വില ഉയര്‍ന്നിട്ടുണ്ട്.
നോയിഡയില്‍ 74.17 രൂപയായാണ് ഉയര്‍ന്നത്. കാന്‍പൂരില്‍ 83 രൂപ കടന്നു. ഗുരുഗ്രാമില്‍ 80 രൂപയോട് അടുത്താണ് സിഎന്‍ജി വില. വ്യവസായനഗരമായ മുംബൈയില്‍ അഞ്ചുരൂപയാണ് വര്‍ധിച്ചത്. അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതാണ് വില ഉയരാന്‍ കാരണമെന്ന് മഹാനഗര്‍ ഗ്യാസ് ലിമിറ്റഡ് അറിയിച്ചു. മുംബൈയില്‍ ഒരു കിലോഗ്രാം സിഎന്‍ജിയുടെ വില 72 രൂപയായാണ് ഉയര്‍ന്നത്. രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വിലയും ഉയര്‍ന്ന നിലവാരത്തിലാണ്.