സിഎന്‍ജി വിലയും കുതിക്കുന്നു; 6 മാസത്തിനിടെ 37 ശതമാനം വില ഉയര്‍ന്നു

March 30, 2022 |
|
News

                  സിഎന്‍ജി വിലയും കുതിക്കുന്നു; 6 മാസത്തിനിടെ 37 ശതമാനം വില ഉയര്‍ന്നു

പെട്രോള്‍, ഡീസല്‍ വില വര്‍ധനയില്‍ നട്ടം തിരിയുന്ന സാധാരണക്കാര്‍ക്ക് കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസിലും (സിഎന്‍ജി) തിരിച്ചടി. സിഎന്‍ജി വില കഴിഞ്ഞ ആറ് മാസത്തിനിടെ രാജ്യത്ത് കുത്തനെ ഉയര്‍ന്നു. ചില നഗരങ്ങളില്‍ വില 37 ശതമാനം വരെ കുതിച്ചു. നഗര വാതക വിതരണക്കാരുടെ വര്‍ധിച്ച ചെലവ് നികത്താനും, ശക്തമായ ലാഭം നിലനിര്‍ത്താനുമുള്ള ശ്രമങ്ങളുടെ ഫലമാണ് ഈ വര്‍ധന.

അദാനി ഗ്യാസ് അഹമ്മദാബാദില്‍ സിഎന്‍ജി വില 37 ശതമാനം വര്‍ധിപ്പിച്ചപ്പോള്‍, ഗുജറാത്ത് ഗ്യാസ് ഗുജറാത്തിലെ എല്ലാ പ്രവര്‍ത്തന മേഖലകളിലും നിരക്ക് 30 ശതമാനത്തോളം വര്‍ധിപ്പിച്ചു. ഡല്‍ഹിയില്‍, ഇന്ദ്രപ്രസ്ഥ ഗ്യാസ് നിരക്ക് 33 ശതമാനം ഉയര്‍ത്തിയപ്പോള്‍, മുംബൈയില്‍ മഹാനഗര്‍ ഗ്യാസ് വില 27 ശതമാനം വര്‍ധിപ്പിച്ചു. മാര്‍ച്ചില്‍ മാത്രം അഹമ്മദാബാദില്‍ കിലോയ്ക്ക് 9.6 രൂപയും ഡല്‍ഹിയില്‍ 7 രൂപയും ഉയര്‍ന്നു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും സമാനമായ വില വര്‍ധന പ്രകടമാണ്. കേരളത്തില്‍ നിലവില്‍ സിഎന്‍ജിക്ക് 74.59 രൂപയാണ്. ഒരു മാസം മുമ്പ് ഇത് വെറും 56.3 രൂപയായിരുന്നു. മൂന്നു മാസം മുമ്പ് 54.45 രൂപയും.

കഴിഞ്ഞ ആറ് മാസമായി പെട്രോള്‍, ഡീസല്‍ വിലകളില്‍ കാര്യമായ വില വര്‍ധന ഉണ്ടായിരുന്നില്ല. കഴിഞ്ഞ 137 ദിവസത്തോളം വില സ്ഥിരമായി നിന്നു. എന്നാല്‍ രാജ്യാന്തര എണ്ണവിലക്കയറ്റം ചൂണ്ടിക്കാണിച്ച് ഇക്കഴിഞ്ഞ ആഴ്ച മുതല്‍ എണ്ണക്കമ്പനികള്‍ വില വര്‍ധന ആരംഭിച്ചു. പെട്രോള്‍, ഡീസല്‍ വില വര്‍ധന പലപ്പോഴും രാഷ്ട്രീയ ശ്രദ്ധ ആകര്‍ഷിക്കുന്നു. അതേസമയം സിഎന്‍ജി വില കുതിക്കുന്നത് പലപ്പോഴും ഉപയോക്താക്കള്‍ക്കിടയില്‍ മാത്രം ചര്‍ച്ചയായി മാറുന്നു.

വിലകുറഞ്ഞതും സ്ഥിരതയുള്ളതുമായ ഗാര്‍ഹിക വാതകമായി ആളുകള്‍ സിഎന്‍ജിയെ പരിഗണിക്കുന്നതും, പെട്രോള്‍, ഡീസല്‍ തുടങ്ങിയ കനത്ത നികുതി ചുമത്തുന്ന മത്സര ഇന്ധനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നികുതിയും, സിഎന്‍ജിയുടെ വിലനിര്‍ണയ സ്വാതന്ത്ര്യം സിറ്റി ഗ്യാസ് കമ്പനിക്കാണെന്നതും പകല്‍ക്കൊള്ളയ്ക്കു വഴിയൊരുക്കുന്നു. ഇത് നഗര വാതക വിതരണക്കാര്‍ക്ക് അസാധാരണമായ ലാഭം ഉറപ്പാക്കുന്നു.

ഒക്ടോബറില്‍, ആഭ്യന്തര പ്രകൃതി വാതക വില 62 ശതമാനം വര്‍ധിച്ചു, ഇത് ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ സി.എന്‍.ജി. വില വര്‍ധനയ്ക്ക് കാരണമായി. അടുത്തിടെയുള്ള സിഎന്‍ജി വിലവര്‍ധന ലാഭം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണെന്നു അടുത്തവൃത്തങ്ങളും വിപണി വിദഗ്ധരും വ്യക്തമാക്കുന്നു. ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ വലിയതോതില്‍ ഉപയോഗിക്കുന്ന ദ്രവീകൃത പ്രകൃതി വാതകത്തിന്റെ (എല്‍എന്‍ജി) വില ആറു മാസമായി ഉയര്‍ന്നു നില്‍ക്കുകയാണ്. സിഎന്‍ജി ഉപഭോക്താക്കള്‍ക്കുള്ള ഗ്യാസ് മിശ്രിതത്തിന്റെ 10- 15 ശതമാനം ഉള്‍പ്പെടുന്ന എല്‍എന്‍ജിയുടെ നിരക്കുകളിലെ വര്‍ധന മൂലമുള്ള ഇന്‍പുട്ട് ചെലവ് വര്‍ധന നികത്താന്‍ സിഎന്‍ജി വില വര്‍ധന സഹായിച്ചെന്നാണു വിലയിരുത്തല്‍.

Read more topics: # CNG, # സിഎന്‍ജി,

Related Articles

© 2025 Financial Views. All Rights Reserved