
തിരുവനന്തപുരം: കാര്‍ഷിക വായ്പ എഴുതിത്തള്ളിയ വകയില്‍ സഹകരണ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത് കോടിക്കണക്കിന് രൂപ. കോവിഡ് പ്രതിസന്ധി മൂലം വരുമാനം ഇടിഞ്ഞു നില്‍ക്കുന്ന സഹകരണ ബാങ്കുകള്‍ക്ക് ഇതു വലിയ വെല്ലുവിളി ആകുകയാണ്. പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളില്‍ നിന്നു കാര്‍ഷിക വായ്പയെടുത്തു നഷ്ടം വന്ന കര്‍ഷകര്‍ കടാശ്വാസ കമ്മിഷനില്‍ നല്‍കിയ അപേക്ഷ പ്രകാരമാണ് വായ്പ എഴുതി തള്ളിയത്.
ഒത്തുതീര്‍പ്പാക്കിയ തുക കമ്മിഷന്‍ ശുപാര്‍ശ പ്രകാരം സര്‍ക്കാര്‍ ബാങ്കുകള്‍ക്കു കൈമാറുന്നതാണു രീതി. നൂറു കണക്കിന് കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളേണ്ടി വന്ന ബാങ്കുകളുമുണ്ട്. 10 കോടി രൂപ വരെ ഇത്തരത്തില്‍ കുടിശിക കിട്ടാനുള്ള സഹകരണ സംഘങ്ങളുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തുക നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല. നിക്ഷേപകരുടെ പണവും ജില്ലാ ബാങ്കില്‍ നിന്നുമൊക്കെ എടുത്ത പണവുമാണ് ബാങ്കുകള്‍ വായ്പയായി നല്‍കിയിരുന്നത്.