പുതിയ റെക്കോര്‍ഡുമായി കോള്‍ ഇന്ത്യ; കല്‍ക്കരി ഖനനത്തിലും വില്‍പനയിലും വലിയ മുന്നേറ്റം

June 02, 2021 |
|
News

                  പുതിയ റെക്കോര്‍ഡുമായി കോള്‍ ഇന്ത്യ;  കല്‍ക്കരി ഖനനത്തിലും വില്‍പനയിലും വലിയ മുന്നേറ്റം

ന്യൂഡല്‍ഹി: പുതിയ റെക്കോര്‍ഡുമായി കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഉള്ള ഖനന, സംസ്‌കരണ കമ്പനിയായ കോള്‍ ഇന്ത്യ. മെയ് മാസത്തില്‍ റെക്കോര്‍ഡ് അളവിലാണ് കല്‍ക്കരി ഓഫ്‌ടേക്ക് നടത്തിയിരിക്കുന്നത്. കല്‍ക്കരി ഖനനവും സംസ്‌കരണവും നടത്തുന്ന കോള്‍ ഇന്ത്യ ലിമിറ്റഡ് ലോകത്തിലെ തന്നെ ഏറ്റവും വലിയ കല്‍ക്കരി ഉത്പാദകരാണ്.

മെയ് മാസത്തില്‍ കോള്‍ ഇന്ത്യയുടെ കല്‍ക്കരി ഖനനത്തിലും വില്‍പനയിലും വലിയ മുന്നേറ്റമാണ് സൃഷ്ടിച്ചത്. 55 ദശലക്ഷം ടണ്‍ ആണ് വിറ്റത്. ഇതൊരു സര്‍വ്വകാല റെക്കോര്‍ഡ് ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ് മാസത്തിലെ കല്‍ക്കരി ഉത്പാദനം 41.7 ദശലക്ഷം ടണ്‍ ആണ്. കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇത്തവണ സപ്ലൈ 38 ശതമാനം കൂടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ സമയം വൈദ്യുതി ഉത്പാദനത്തിനുള്ള കല്‍ക്കരി ഡിമാന്‍ഡ് കുറഞ്ഞിരുന്നു. ഇത്തവണ കൊവിഡ് രണ്ടാം തരംഗം രൂക്ഷമാണെങ്കിലും, ദേശവ്യാപകമായ ലോക്ക്ഡൗണ്‍ ഇല്ല.

കൊവിഡിന്റെ ഒന്നാം തരംഗ കാലത്ത് വില്‍പനയിലും ഉത്പാദനത്തിലും വലിയ കുറവ് വന്നിരുന്നു. 2020 മെയ് മാസത്തില്‍ കല്‍ക്കരി ഉത്പാദനം 41.3 ദശലക്ഷം ടണ്‍ ആയിരുന്നു. വില്‍പന 40 ദശലക്ഷം ടണ്‍ ആയിരുന്നു. ഈ പ്രതിസന്ധി ഇപ്പോള്‍ കോള്‍ ഇന്ത്യ മറികടക്കുകയാണ്. കൊവിഡ് കാലഘട്ടത്തിന് മുമ്പുണ്ടായിരുന്ന വില്‍പനയേക്കാള്‍ മെച്ചപ്പെട്ട സ്ഥിതിയില്‍ എത്താന്‍ ഇത്തവണ കോള്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. 2019 മെയ് മാസത്തില്‍ വില്‍പനം 52 ദശലക്ഷം ടണ്‍ ആയിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോള്‍ 5.8 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

ഈ സാമ്പത്തിക വര്‍ഷം കോള്‍ ഇന്ത്യ ലക്ഷ്യമിടുന്നത് 670 ദശലക്ഷം ടണ്‍ കല്‍ക്കരി ഉത്പാദനം ആണ്. അതില്‍ 545 ദശലക്ഷം ടണ്‍ കല്‍ക്കരിയും വൈദ്യുതോത്പാദന കമ്പനികള്‍ വാങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോള്‍ ഇന്ത്യയുടെ പ്രധാന ഉപഭോക്താക്കള്‍ ഊര്‍ജ്ജോത്പാദന മേഖലയിലെ കമ്പനികള്‍ ആണ്. പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസത്തില്‍ കോള്‍ ഇന്ത്യ തിരിച്ചടി നേരിട്ടിരുന്നു. കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചതോടെ കോണ്‍ട്രാക്ട് ജീവനക്കാരില്‍ വലിയൊരു വിഭാഗവും രോഗബാധിതരായ സാഹചര്യവും അപ്പോഴുണ്ടായിരുന്നു. എന്തായാലും ആ പ്രതിസന്ധിയില്‍ നിന്ന് ഇപ്പോള്‍ കോള്‍ ഇന്ത്യ മറികടന്നിരിക്കുകയാണ്. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നവരത്ന കമ്പനികളില്‍ പെടുന്നതാണ് കോള്‍ ഇന്ത്യ ലിമിറ്റഡ്. കല്‍ക്കരി മന്ത്രാലയത്തിന് കീഴിലാണ് കമ്പനി.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved