കൊച്ചിന്‍ ഷിപ്പിയാര്‍ഡിന് അഭിമാന നേട്ടം; നാവിക സേനയില്‍ നിന്ന് 10,000 കോടി രൂപയുടെ വമ്പന്‍ ഓര്‍ഡര്‍

February 24, 2021 |
|
News

                  കൊച്ചിന്‍ ഷിപ്പിയാര്‍ഡിന് അഭിമാന നേട്ടം; നാവിക സേനയില്‍ നിന്ന് 10,000 കോടി രൂപയുടെ വമ്പന്‍ ഓര്‍ഡര്‍

കൊച്ചി: ഇന്ത്യയിലെ കപ്പല്‍ നിര്‍മാണ മേഖലയിലെ അനിഷേധ്യ സാന്നിധ്യമാണ് നമ്മുടെ കൊച്ചിയിലെ കൊച്ചിന്‍ ഷിപ്പിയാര്‍ഡ് അഥവാ കൊച്ചി കപ്പല്‍ നിര്‍മാണ ശാല. നാവിക സേനയില്‍ നിന്ന് ലഭിച്ചിരിക്കുന്ന വമ്പന്‍ ഓര്‍ഡറിനെ കുറിച്ചാണ് പുതിയ വാര്‍ത്ത. നാവിക സേനയ്ക്കായി ആറ് പുതുതലമുറ മിസൈല്‍ യാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള കരാര്‍ ആണ് കൊച്ചിന്‍ ഷിപ്പിയാര്‍ഡിന് ലഭിച്ചിട്ടുള്ളത്.

പ്രതിരോധ മന്ത്രാലയത്തിന്റെ പതിനായിരം കോടിയോളം രൂപ ചെലവ് വരുന്ന ഇടപാടാണ് കൊച്ചി കപ്പല്‍ നിര്‍മാണ ശാലയ്ക്ക് ലഭിച്ചിട്ടുള്ളത്. ഏറ്റവും കുറഞ്ഞ തുകയ്ക്കുള്ള ടെന്‍ഡര്‍ കൊച്ചിന്‍ ഷിപ്പിയാര്‍ഡിന്റേതായിരുന്നു. എന്തായാലും കൊച്ചിന്‍ ഷിപ്പിയാര്‍ഡിനെ സംബന്ധിച്ച് വലിയ മുതല്‍ക്കൂട്ടാണ് ഈ ഓര്‍ഡര്‍.

രാജ്യത്തെ ഒന്നാം നിര കപ്പല്‍ നിര്‍മാണ ശാലകളില്‍ ഒന്നാണ് കൊച്ചിന്‍ ഷിപ്പിയാര്‍ഡ്. ഏറ്റവും വലിയ കപ്പലുകളുടെ നിര്‍മാണവും അറ്റകുറ്റപ്പണികളും കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ സാധ്യമാണ്. അര നൂറ്റാണ്ടിന്റെ പാരമ്പര്യമുണ്ട് കൊച്ചി കപ്പല്‍ നിര്‍മാണ ശാലയ്ക്ക്. 1972 ഏപ്രില്‍ മാസത്തിലാണ് കപ്പല്‍ നിര്‍മാണ ശാലയ്ക്ക് തറക്കല്ലിട്ടത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായിരുന്നു തറക്കല്ലിടല്‍ നിര്‍വ്വഹിച്ചത്.

'റാണി പത്മിനി' ആണ് കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ നിര്‍മിച്ച ആദ്യത്തെ കപ്പല്‍. ഇതിന് മെട്രോമാന്‍ ഇ ശ്രീധരനുമായും ഒരു ബന്ധമുണ്ട്. കൊല്‍ക്കത്ത മെട്രോ പൂര്‍ത്തിയാക്കിയതിന് ശേഷം ഇ ശ്രീധരന്‍ കൊച്ചിന്‍ ഷിപ്പിയാര്‍ഡിന്റെ സിഎംഡി ആയി ജോലിയില്‍ പ്രവേശിച്ചു. ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്ന 'റാണി പത്മിനി'യുടെ നിര്‍മാണം അതിവേഗത്തിലാക്കി പൂര്‍ത്തിയാക്കിയത് ഇ ശ്രീധരന്റെ കാലത്തായിരുന്നു.

ഇതുവരെ 35 കപ്പലുകള്‍ ആണ് കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ നിര്‍മിച്ചിട്ടുള്ളത്. 1.1 ലക്ഷം ടണ്ണിന്റെ കപ്പലുകള്‍ നിര്‍മിക്കാനും 1.25 ലക്ഷം ടണ്ണിന്റെ കപ്പലുകള്‍ അറ്റകുറ്റപ്പണികള്‍ നടത്താനും ഉള്ള ശേഷിയുള്ള കൊച്ചി കപ്പല്‍ നിര്‍മാണ ശാലയ്ക്ക്. കപ്പല്‍ നിര്‍മാണത്തില്‍ അന്താരാഷ്ട്ര പ്രശസ്തിയും ഉണ്ട് കൊച്ചിന്‍ ഷിപ്പിയാര്‍ഡിന്. യൂറോപ്പില്‍ നിന്നും പശ്ചിമേഷ്യയില്‍ നിന്നും ഉള്ള അന്താരാഷ്ട കമ്പനികളില്‍ നിന്ന് കപ്പല്‍ നിര്‍മാണ ഓര്‍ഡറുകള്‍ സ്വീകരിച്ചിട്ടും ഉണ്ട്.

Related Articles

© 2024 Financial Views. All Rights Reserved