
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ ഉള്‍പ്പെടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ചെലവുകുറഞ്ഞ ലാപ്‌ടോപ്പുകള്‍ ലഭ്യമാക്കാന്‍ കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് ബ്രാന്‍ഡായ കൊക്കോണിക്‌സ്.
കെല്‍ട്രോണിന് ഓഹരിപങ്കാളിത്തമുള്ള കമ്പനി 11,000 രൂപയ്ക്കും 15,000 രൂപയ്ക്കും 2 മോഡലുകളാണ് പുറത്തിറക്കുന്നത്. ഇവയ്ക്ക് ബിഐഎസ് സര്‍ട്ടിഫിക്കേഷന്‍ ഉടന്‍ ലഭിച്ചേക്കും. 11,000 രൂപയുടെ ലാപ്‌ടോപ്പിന് 2 ജിബി റാമും 15,000 രൂപയുടേതിന് 4 ജിബി റാമും ഉണ്ടാകും. സെലറോണ്‍, പെന്റിയം പ്രോസസറുകളായിരിക്കും ഉണ്ടാവുക.
4 സ്വകാര്യ സ്‌കൂളുകള്‍ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായി കൊക്കോണിക്‌സ് സിഇഒ ശ്രീജിത് നായര്‍ പറഞ്ഞു. 72 ജീവനക്കാരാണ് മണ്‍വിളയിലെ യൂണിറ്റിലുള്ളത്. അനുമതി ലഭിച്ചാല്‍ ഒരു മാസം 30,000 ലാപ്‌ടോപ്പുകള്‍ പുറത്തിറക്കാമെന്നാണ് പ്രതീക്ഷ.